അങ്കമാലി: അരി മില്ലിന് തീപിടിച്ചു. തക്ക സമയത്ത് നാട്ടുകാരും ജീവനക്കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതു മൂലം വന്‍ ദുരന്തം ഒഴിവായി. അങ്കമാലിക്കടുത്ത് മൂക്കന്നൂരിലാണ് അരിമില്ലിന് തീപിടിച്ചത്. ഒന്നര കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂക്കന്നൂര്‍ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്‌ക്കല്‍ കെ.വി. ആന്റോവിന്റെ കോട്ടയ്‌ക്കല്‍ അഗ്രോ ഫുഡ്‌സിനാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയാണ് തീപിടിത്തമുണ്ടായത്. അരി, അരിപ്പൊടി, പായ്‌ക്കിങ് മെഷീന്‍, പ്രിന്റിങ് മെഷീന്‍, അരിപൊടിച്ച് വറുക്കുന്ന യന്ത്രം, അരിയും അരിപ്പൊടിയും പായ്‌ക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകള്‍, കണ്‍വേയര്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായും കത്തി നശിച്ചു. പ്രധാനമായും അരിപ്പൊടി യൂണിറ്റാണ് കത്തിയത്. മേല്‍ക്കൂരയും, നിരവധി മോട്ടോറുകളും കത്തിനശിച്ചു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് അഗ്‌നിശമന സേനയ്‌ക്ക് പൂര്‍ണ്ണമായും തീയണയ്‌ക്കാനായത്.
അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, ചാലക്കുടി,തൃക്കാക്കര എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും അഗ്‌നിശമന സേന വിഭാഗമെത്തി. ജില്ല ഫയര്‍ ഓഫീസര്‍ വി.സിദ്ധകുമാറിന്റെ നേതൃത്വത്തിലായിരുന്നു തീയണയ്‌ക്കല്‍. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തിന് കാരണമെന്നാണ് അഗ്‌നിശമന വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അരി നശിക്കാതിരിയ്‌ക്കാന്‍ കുറെ അരി വാഹനങ്ങളില്‍ മറ്റൊരിടത്തേയ്‌ക്ക് മാറ്റി.
തീപിടിത്തമുണ്ടായപ്പോള്‍ നിരവധി തൊഴിലാളികള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. സ്ത്രീ തൊഴിലാളികളും മറ്റും ഇറങ്ങിയോടി. അരിപ്പൊടി യൂണിറ്റിലൂടെ ഫര്‍ണസ് ഓയിലിന്റെ പൈപ്പ്‌ലൈനിന്റെ വാല്‍വ് പെട്ടെന്ന് അടച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.















