ഡെന്‍വര്‍(കൊളറാഡോ): ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സ്വപ്‌നം നിരപരാധിയായ ഒരു മനുഷ്യനെ അഴിയ്‌ക്കുളളിലിട്ടത് 28 വര്‍ഷം. കുറ്റക്കാരനല്ലെന്ന് കണ്ട് നീണ്ടകാലഘട്ടത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
ക്ലാരന്‍സ് മോസസ് എല്‍ (60) എന്നയാളെ 1998ലാണ് 48 കൊല്ലത്തെ തടവിന് ശിക്ഷിച്ചത്. അയല്‍ക്കാരിയെ ബലാത്സംഗം ചെയ്തതിനും തല്ലിയതിനുമായിരുന്നു ശിക്ഷ. താനല്ല ഇത് ചെയ്തതെന്ന് അയാള്‍ ആവര്‍ത്തിച്ചിട്ടും ശിക്ഷിക്കപ്പെടുകയായിരുന്നു. സ്വപ്‌നത്തിലൂടെ മോസസ് എന്നയാളാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് മനസിലാക്കിയെന്ന ഇരയുടെ മൊഴിയാണ് ഇയാളെ കുടുക്കിയത്.
നാല് മണിക്കൂര്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി ഇപ്പോള്‍ ഇയാളെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2012വരെ പലതവണ അപ്പീലുകളിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാല്‍ 2012ല്‍ സഹതടവുകാരിലൊരാള്‍ എഴുതിയൊരു കുറ്റസമ്മത കത്താണ് മോസസിന്റെ മോചനത്തിന് വഴിതുറന്നത്. താന്‍ ആ സ്ത്രീയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും ഒടുവില്‍ തല്ലിയതായും കത്തില്‍ പറയുന്നു.
ബലാത്സംഗത്തിനിരയായ സ്ത്രീ ആദ്യം മൂന്ന് പേരെ മാറി മാറി കുറ്റക്കാരാണെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ സ്വപ്‌നത്തിലൂടെ തന്നെ ബലാത്സംഗം ചെയ്ത ആളുടെ പേര് മോസസ് എന്നാണെന്ന് മനസിലാക്കിയതായി അവര്‍ മൊഴി നല്‍കി. തുടര്‍ന്നാണ് മോസസിനെ പോലീസ് പിടികൂടുന്നത്. മോസസ് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധനാഫലം പോലീസ് നശിപ്പിച്ചതായും വക്കീലന്‍മാര്‍ ചൂണ്ടിക്കാട്ടി.
പുതിയ തെളിവുകളും സാഹചര്യത്തെളിവുകളും മോസസിനെ കുറ്റവിമുക്തനാക്കാന്‍ പര്യാപ്തമാണെന്ന് കഴിഞ്ഞ കൊല്ലം ഡെന്‍വര്‍ ജില്ലാ കോടതി ജഡ്ജി കണ്ടെത്തി. തുടര്‍ന്നാണ് മോസസിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഏതായാലും ഇരയുടെ ഒരു സ്വപ്‌നം മോസസിന്റെ ജീവിതം ഇരുട്ടിലാക്കിയത് 28 വര്‍ഷം.
















