കണ്ണൂര്‍: ജില്ലയിലെ ന്യൂ ജനറേഷന് ബാങ്കുകള്‍ 1000, 500 രൂപ നോട്ടുകള്‍ മാറ്റിനല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഇന്‍ഡസെന്റ് തുടങ്ങിയ ബാങ്കുകളാണ് നോട്ടുകള്‍ മാറ്റിനല്‍കാത്തത്. ജില്ലയിലെ നൂറുകണക്കിന് വരുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ ദിനംപ്രതി ആയിരക്കണക്കിന് ആള്‍ക്കാരാണ് നോട്ടുകള്‍ മാറ്റാനായി എത്തുന്നത്. എന്നാല്‍ ന്യൂ ജനറേഷന് ബാങ്കുകളില്‍ സ്വന്തം ബിസിനസ്സുകള്‍ മാത്രമാണ് നടക്കുന്നത്. റിസര്‍വ്വ് അംഗീകാരമുളള മുഴുവന്‍ ബാങ്കുകളിലും റദ്ദാക്കിയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ സൗകര്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഇത് ബാധകമല്ലാത്ത രീതിയിലാണുള്ളത്. ജില്ലയിലെ ആയിരക്കണക്കിന് വരുന്ന ദേശസാല്‍കൃത ബാങ്കുകള്‍ ദിനംപ്രതി കോടിക്കണക്കിന് രൂപയാണ് മാറ്റിനല്കുന്നത്. കറന്‍സി ചെസ്റ്റുകള്‍ ഉള്ള ബാങ്കുകള്‍ക്ക് കണ്ണൂരില്‍ നിന്നാണ് നോട്ടുകള്‍ വിതരണം ചെയ്യുന്നതെങ്കിലും മറ്റ് ബാങ്കുകള്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നോട്ടുകള്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. ഇന്ന് മുതല്‍ ജില്ലയില്‍ കൂടുതല്‍ പണം എത്തിച്ചേരും. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപക്ഷപാതം സ്വീകരിക്കുന്നത് മൂലം പൊതുജനങ്ങളുടെ അപ്രീതിക്ക് കാരണമാകുന്നുണ്ട്. ഇന്നലെ മുതല്‍ നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം സുലഭമായിത്തുടങ്ങിയെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇത് വേണ്ടത്ര ലഭ്യമായിത്തുടങ്ങിയിട്ടില്ല. പുറം കരാറുകാര്‍ പണം നിറക്കുന്ന എടിഎമ്മുകളിലാണ് പണം ലഭ്യമല്ലാതാകുന്നത്. 2000 രൂപ എടിഎമ്മുകളില്‍ നിന്നും ലഭിക്കണമെങ്കില്‍ നിലവിലെ സോഫ്റ്റ്വെയര് പരിഷ്കരിക്കണം. ഇതിനായി കഠിനശ്രമം നടത്തിവരികയാണ് ബാങ്ക് അധികൃതര്‍. രാഷ്ട്രീയ കക്ഷിനേതാക്കളും നാട്ടുകാരും പല തരത്തിലുള്ള കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് മൂലമാണ് ഗ്രാമീണ മേഖലയിലെ ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റാന്‍ ഇത്രയേറെ തിരക്ക് അനുഭവപ്പെടുന്നത്. ജില്ലാ സഹകരണ ബാങ്കുകളില്‍ കഴിഞ്ഞ ദിവസം അഞ്ചു കോടി രൂപ നല്‍കിയിരുന്നു. ഇന്ന് കൂടുതല്‍ തുക നല്‍കും. ഇതോടെ പ്രാഥമിക സഹകരണ ബാങ്കുകളിലും ആവശ്യത്തിന് പണമെത്തും. സംസ്ഥാനത്തെ 1604 സഹകരണ ബാങ്കുകളിലൂടെ രണ്ടായിരത്തോളം കോടി രൂപയുടെ പഴയ നോട്ടുകള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇവ മാറ്റിക്കൊടുക്കാനുള്ള പ്രവൃത്തികള്‍ നടക്കും. സഹകരണ ബാങ്കുകളില്‍ സ്വര്‍ണ്ണപ്പണയം, കാര്‍ഷിക വായ്പ, ദൈനംദിന ഇടപാടുകള്‍ എന്നിവ നിലവില്‍ നിലച്ച നിലയിലാണ്. ഇന്നുമുതല്‍ ചെറിയ തോതിലെങ്കിലും ഇത് പുനരാരംഭിക്കാനാകും. ഏജന്റുമാരുടെ ദൈനംദിന നിക്ഷേപങ്ങളിലൂടെ 50 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് പ്രതിമാസം സഹകരണ മേഖലയിലുണ്ടാകുന്നത്. രണ്ട് ദിവസമായി നിര്‍ത്തിവെച്ച ഇത്തരത്തിലുള്ള കലക്ഷനും ഇന്ന് മുതല്‍ പുനസ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: