ന്യൂയോര്‍ക്ക്: അമേരിക്കയുടെ മുന്നേറ്റത്തിനായി പോരാടുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. ട്രംപ് ക്യാമ്പിലെ പ്രമുഖരെല്ലാം ആദ്യ പ്രസംഗ വേദിയില്‍ സന്നിഹിതരായിരുന്നു.
എട്ട് വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ഭരണം അവസാനിപ്പിച്ചാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് അമേരിക്കയുടെ 45ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അമേരിക്കകാര്‍ക്കും വേണ്ടിയുള്ള പ്രസിഡന്റായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ട്രംപ് നന്ദി പറയുന്നതിനായാണ് ആദ്യ പ്രസംഗം കൂടുതല്‍ വിനിയോഗിച്ചത്. തന്റെ പേരില്‍ ഉയര്‍ന്ന ഭീതി കുറയ്ക്കുന്നതിന് എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഹിലരി തന്നെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്നും തെരഞ്ഞെടുപ്പില്‍ അവര്‍ വളരെ നന്നായി പോരാടിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: