ന്യൂദല്‍ഹി: രാജസ്ഥാനിലെ ഉദയ്‌പൂരില്‍ കേന്ദ്ര ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ ലഹരിമരുന്നുവേട്ടയില്‍ 23.5 മെട്രിക്ക് ടണ്‍ മാന്‍ഡ്രാക്‌സ് ഗുളികകള്‍ പിടികൂടി. അന്താരാഷ്‌ട്ര വിപണിയില്‍ 5,000 കോടിയിലധികം രൂപ വില വരുന്നതാണ് ഇവ. ലോകത്തെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരിമരുന്നു ശൃംഖലയിലെ പ്രധാന കണ്ണിയായ ബോളിവുഡ് നിര്‍മ്മാതാവ് സുഭാഷ് ദുദാനിയെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തു.
ഉദയ്‌പൂര്‍ ഭാമാഷാ വ്യവസായ മേഖലയിലെ മരുധാര്‍ ഡ്രിംഗ്‌സ് ഫാക്ടറിയില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ പിടികൂടിയത്. ഇതേത്തുടര്‍ന്ന് ലഹരിമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടവരെ അറസ്റ്റ്‌ചെയ്തു. വന്‍തോതില്‍ ലഹരിമരുന്ന് നിര്‍മ്മാണം നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്. ഉദയ്‌പൂരിലെ കലദ്വാസിലുള്ള മരുന്നു നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമ രവി ദുദാനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദയ്‌പൂരിലെ രണ്ടു കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. യൂറോപ്പ്, അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് കടത്താനായി സൂക്ഷിച്ച ഗുളികകളാണ് പിടിച്ചെടുത്തത്. പ്രധാനമായും മൊസാംബിക്കിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും കടത്താനായാണ് മരുന്നുകള്‍ നിര്‍മ്മിച്ചതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷാ പറഞ്ഞു. ഒരു കിലോഗ്രാം മാന്‍ഡ്രാക്‌സിന് അന്താരാഷ്‌ട്ര വിപണിയില്‍ 20ലക്ഷത്തോളം രൂപ വിലവരും. രാജസ്ഥാനിലേയും ഗുജറാത്തിലെയും അനധികൃത മരുന്നു കമ്പനികളാണ് ഇത്തരം ലഹരിമരുന്നുകളുടെ നിര്‍മ്മാതാക്കള്‍.
ചെറിയ തുകയ്‌ക്ക് നിര്‍മ്മിക്കുന്ന മരുന്നുകള്‍ ഒരെണ്ണത്തിന് 150 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ബോളിവുഡ് നിര്‍മ്മാതാവായ ദുദാനി വികല്പ് എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു.
















