ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഏഴ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അയ്യായിരം കോടി ചെലവ് വരുന്ന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീടുകളിലേക്ക് പാചകവാതകം എത്തിക്കുന്ന ഊര്‍ജ്ജ ഗംഗയാണ് പ്രധാനം. റെയില്‍വേ എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്റെ വികസനം, വൈദ്യുതി നിലയം, വാരാണസി പോസ്റ്റല്‍ റീജ്യണ്‍, റെയില്‍വേ വൈദ്യുതീകരണം എന്നിവയാണ് മറ്റ് പദ്ധതികള്‍.
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് മോദി പറഞ്ഞു. ഒരു സര്‍ക്കാര്‍ പദ്ധതിക്ക് തറക്കല്ലിടുകയും അടുത്ത സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നതുമാണ് നമ്മുടെ അനുഭവം. തറക്കല്ലിടുന്നതും ഉദ്ഘാടനം ചെയ്യുന്നതും ഒരേ സര്‍ക്കാരാകും. പ്രചാരണത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പദ്ധതികള്‍ക്ക് സാധിക്കണം. വിറകടുപ്പുകളിലെ പുക ശ്വസിച്ച് സ്ത്രീകള്‍ രോഗബാധിതരാകുന്നു. നാനൂറ് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണിത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാകും, മോദി ചൂണ്ടിക്കാട്ടി.
















