പാനൂര്‍: അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച് കല്ലിക്കണ്ടി എന്‍എഎം കോളേജിലെ എന്‍സിസി കാഡറ്റുകള്‍. കോളേജിലെ 53 എന്‍സിസി കേഡറ്റുകളാണ് അരീക്കരക്കുന്നിലെ ബിഎസ്എഫ് കേന്ദ്രത്തില്‍ ഒരു ദിവസം ചെലവഴിച്ചത്.
രാജ്യത്തിന്റെ വിവിധ അതിര്‍ത്തികളില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ജവാന്മാരുമായി ഇടപെടാന്‍ കഴിഞ്ഞത് കേഡറ്റുകള്‍ക്ക് നവ്യാനുഭവമായി. ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ബന്‍വാരിലാലിന്റെ നേതൃത്വത്തില്‍ എന്‍സിസി കേഡറ്റുകളെ സ്വീകരിച്ചു. തുടര്‍ന്ന് ജവാന്‍മാരുടെ പരിശീലന സ്ഥലം, ആയുധപ്പുര തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി. അതിര്‍ത്തിയില്‍ ബിഎസ്എഫ് ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും ഉപയോഗിക്കുന്ന രീതികളെകുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ബിഎസ്എഫ് ഓഫീസര്‍ സി.മണി വിശദീകരിച്ചു. ബിഎസ്എഫിന്റെ ചരിത്രത്തെക്കുറിച്ചും വിവിധതരം സേനകളെക്കുറിച്ചും ഇന്‍സ്‌പെക്ടര്‍ ശര്‍മ്മ ക്ലാസെടുത്തു.
അതിര്‍ത്തിയില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചും നുഴഞ്ഞുകയറ്റത്തെക്കുറിച്ചും വിശദീകരിച്ചു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ നേര്‍ മുഖം മനസിലാക്കാന്‍ കാസറ്റുകള്‍ക്ക് കഴിഞ്ഞു. എന്‍സിസി ഓഫീസര്‍ ലഫ്റ്റനന്റ് എ.പി ഷമീര്‍, എന്‍.സി.സി കാഡറ്റുമാരായ അണ്ടര്‍ ഓഫീസര്‍ ടി.അഖില്‍, എ.മുഹമ്മദ്, എ.ദിവ്യാര്‍ത്ഥന, പ്രബിന്‍ സുധാകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















