ലെക്‌സിങ്ടണ്‍: അമേരിക്കന്‍ അത്‌ലറ്റ് ടൈസണ്‍ ഗേയുടെ മകള്‍ ട്രിനിറ്റി ഗേ (15) വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. യുഎസിലെ കെന്റക്കി സംസ്ഥാനത്തെ ലെക്‌സിങ്ടണ്‍ നഗരത്തിലെ ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നടന്ന വെടിവയ്‌പ്പിലാണ് ട്രിനിറ്റി കൊല്ലപ്പെട്ടത്.
വെടിയേറ്റ ട്രിനിറ്റിയെ കെന്റക്കി യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊണ്ടയിലാണ് വെടിയേറ്റതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് കാറിലുള്ളവര്‍ പരസ്പരം വെടിവയ്‌ക്കുകയായിരുന്നുവെന്ന് ലെക്‌സിങ്ടണ്‍ പോലീസ് പറഞ്ഞു. അതിലൊന്ന് സ്‌പോര്‍ട്‌സ് കാറായിരുന്നു.
അക്രമികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്. സംഭവം നടക്കുമ്പോള്‍ നഗരത്തില്‍ തന്നെയുണ്ടായിരുന്ന ടൈസണ്‍ ഗേ ഉടന്‍ ആശുപത്രിയിലെത്തി.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ യുഎസിന്റെ 4-100 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു ഗേ. 100 മീറ്ററില്‍ ലോകത്തെ രണ്ടാമത്തെ മികച്ച സമയത്തിനുടമയുമാണ് താരം. ഉത്തേജക മരുന്നു പരിശോധയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒളിമ്പിക്‌സ് മെഡല്‍ തിരിച്ചെടുത്തു. ലഫയറ്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളും അത്‌ലറ്റായിരുന്നു. സംഭവത്തില്‍ യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അസോസിയേഷന്‍ അനുശോചിച്ചു.
















