ആലപ്പുഴ: ഒഡിഎഫ് പ്രഖ്യാപനം ശുദ്ധതട്ടിപ്പാണെന്ന് എ.എ. ഷുക്കൂര്‍ ആരോപിച്ചു. ജി. സുധാകരന്റേയും തോമസ് ഐസക്കിന്റേയും നിയോജക മണ്ഡലം തീരദേശം ഏറെയുള്ള പ്രദേശമാണ്. ഇവിടെയുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ ഇന്നും മലമൂത്രവിസര്‍ജ്ജനത്തിനായി കടലോരത്തെയാണ് ആശ്രയിക്കുന്നത്.
കൂടാതെ കയറിക്കിടക്കാന്‍ ശരിയായ കൂരപോലും ഇല്ലാത്ത ആയിരങ്ങള്‍ പുറമ്പോക്കിലും അധിവസിക്കുന്ന ജില്ലയില്‍ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത് അനവസരത്തിലാണ്. വെറും പ്രശസ്തിക്ക് വേണ്ടി തട്ടിക്കൂട്ടിയ പരിപാടിയായി മാറിയിരിക്കുകയാണ് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലാ പ്രഖ്യാപനം. തീരദേശങ്ങളിലും പുറമ്പോക്കില്‍ കൂട്ടമായി താമസിക്കുന്നിടങ്ങളിലും കമ്മ്യൂണിറ്റി ശുചിമുറികള്‍ സ്ഥാപിക്കാനെങ്കിലും തയ്യാറാകണം.
ഇത് ചെയ്യാതെ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനത്തിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയും. ആദ്യം പ്രഖ്യാപനം, പിന്നെ എല്ലാം ശരിയാക്കാം എന്ന നിലപാട് ഇരുട്ടിനെക്കൊണ്ട് ഓട്ടയടയ്‌ക്കുന്നതിന് തുല്യമാണെന്നും ഷുക്കൂര്‍ പറഞ്ഞു.
















