പാനൂര്‍: തലശേരി ജനറല്‍ ആശുപത്രി സുപ്രണ്ടിനെ രാഷ്‌ട്രീയ ഇടപ്പെടലില്‍ സ്ഥലം മാറ്റിയതിലും അവ്യക്തത. നിലവില്‍ ഒഴിവില്ലാത്ത കാഞ്ഞങ്ങാട് സുപ്രണ്ടായി ആണ് നിയമന ഉത്തരവ് വന്നിട്ടുള്ളത്. ഇതു കാരണം തലശേരി സുപ്രണ്ടായി ഡോ:രാജാറാം തന്നെ തല്‍ക്കാലം തുടരും. എ.എന്‍.ഷംസീര്‍ എംഎല്‍എ ഇടപ്പെട്ടാണ് സുപ്രണ്ടിനെ അനധികൃതമായി ഇവിടെ നിന്നും സ്ഥലം മാറ്റിയത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കാത്ത സ്ഥലം മാറ്റം ചട്ടവിരുദ്ധമെന്നിരിക്കെയാണ് രാഷ്‌ട്രീയ ഇടപെടലില്‍ സ്ഥലംമാറ്റ ഉത്തരവ് വന്നിട്ടുളളത്. ആശുപത്രി ഒഴിവിലേക്ക് പാര്‍ട്ടിപ്രവര്‍ത്തകരെ നിയമിക്കാന്‍ കൂട്ടുനില്‍ക്കാത്ത സുപ്രണ്ടിനെതിരെ എ.എന്‍.ഷംസീര്‍ എംഎല്‍എ പരസ്യമായി രംഗത്തു വന്നിരുന്നു.
ഭരണമാറ്റത്തിനു ശേഷം ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളില്‍ സിപിഎം നേതാക്കള്‍ ഇടപ്പെടുകയാണെന്ന ആക്ഷേപം ഉയര്‍ന്നു വന്നു കൊണ്ടിരിക്കെയാണ് വിവാദസ്ഥലം മാറ്റം. ഡോ:രാജാറാമിനെ സ്ഥലംമാറ്റിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കെജിഎംഒഎ കണ്ണൂര്‍ ജില്ലാ കമ്മറ്റി തെറ്റായ സ്ഥലമാറ്റ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. നടപടി പുന:പരിശോധിച്ചില്ലെങ്കില്‍ പ്രത്യക്ഷസമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെജിഎഒഎ അറിയിച്ചിട്ടുണ്ട്. നടപടിക്കെതിരെ അടുത്തദിവസം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
















