ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും ഭിന്നതയിലാണെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന് ഭീഷണി. ഡോണ്‍ ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്‍മേയ്ഡയ്‌ക്കാണ് ഭീഷണി എത്തിയത്. രാജ്യത്തിനു പുറത്തുപോകുന്നതിനും പാക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സിറില്‍ അല്‍മേയ്ഡ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പാക്ക് അധീന കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും, പാക്കിസ്ഥാന്‍ സൈന്യം ഭീകരരെ സഹായിക്കുന്നത് തുടര്‍ന്നാല്‍ ആഗോള തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്നുമാണ് അല്‍മെയ്ഡ റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ട് ഡോണ്‍ മുന്‍പേജില്‍ തന്നെ പ്രസിദ്ദീകരിക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത വന്നതിനു പിന്നാലെയാണ് തനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സിറില്‍ പറയുന്നു.
സര്‍ക്കാര്‍ നടപടി ‘അമ്പരിപ്പിക്കുന്നതും ദുഃഖകരവുമാണ്, വേറെ എവിടേക്ക് പോവാനും തനിക്ക് ഉദ്ദേശമില്ല.പാക്കിസ്ഥാനാണ് എന്റെ നാട്,അല്‍മെയ്ഡ ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന രഹസ്യ യോഗത്തിലാണ് ഐഎസ്ഐയും മന്ത്രിമാരും തര്‍ക്കം നടന്നതെന്ന് ഡോണില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വെറും കെട്ടുകഥ മാത്രമാണെന്നും, റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
















