വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോണ്‍ മക്കെയിന്‍ ട്രമ്പിനുളള പിന്തുണ പിന്‍വലിച്ചു.
2008ല്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ച ആളാണ് മക്കെയിന്‍. ട്രമ്പിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതിസന്ധിയിലാക്കി.
താന്‍ പാര്‍ട്ടിക്ക് വിധേയമായി ട്രമ്പിനെ പിന്തുണയ്‌ക്കേണ്ടതാണ്. ഭൂരിപക്ഷം പ്രതിനിധികളുടെയും പിന്തുണ ട്രമ്പിനുണ്ടെന്നത് താന്‍ മാനിക്കുന്നുവെന്നും മക്കെയിന്‍ പറഞ്ഞു. എന്നാല്‍ അടുത്തിടെ പാര്‍ട്ടിയംഗങ്ങളുടെ പിന്തുണയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രമ്പിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഉപാധികളോടെയുളള പിന്തുണ നല്‍കാന്‍ പോലും തനിയ്‌ക്ക് സാധിക്കില്ലെന്നും മക്കെയിന്‍ വ്യക്തമാക്കി. താനും ഭാര്യയും ട്രമ്പിന് വോട്ട് നല്‍കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരിയ്‌ക്ക് വേണ്ടിയും വോട്ട് ചെയ്യില്ല.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ ഭാര്യ മെലേനിയയും പ്രതിഷേധിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ക്ഷമാപണം അംഗീകരിക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
















