ഐക്യരാഷ്‌ട്ര സഭ: ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ സിറിയയിലെ അലപ്പോയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.
വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നുമുള്ള പ്രമേയം ഫ്രാന്‍സാണ് യുഎന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ചത്. 11 പേര്‍ ഇതിനെ അനുകൂലിച്ചു. റഷ്യയടക്കം രണ്ട് രാജ്യങ്ങള്‍ എതിര്‍ത്തു. ചൈനയടക്കം രണ്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. റഷ്യന്‍ നേതൃത്വത്തിലുള്ള സേനയാണ് സിറിയയില്‍ ആക്രമണം അഴിച്ചുവിടുന്നത്.
മൂന്നു ലക്ഷത്തിലേറെ ജീവനുകളെടുത്ത, അഞ്ചു വര്‍ഷമായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള യുഎന്‍ ശ്രമത്തെ ഇത് അഞ്ചാം വതണയാണ് റഷ്യ തടയുന്നത്. റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സൈന്യം അലപ്പോയില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎന്‍ നടപടി എടുക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ്ങ് മാര്‍ക്ക് എയ്‌രോള്‍ട്ട് ആവശ്യപ്പെട്ടു.
വിമതരുടെ പിടിയിലുള്ള അലപ്പോയില്‍ രണ്ടരലക്ഷത്തിലേറെ പേരാണ് നിരന്തരം ദുരിതം പേറുന്നത്.
















