കണ്ണൂര്‍: വെട്ടിച്ചുരുക്കിയ റേഷന്‍ സാധനങ്ങള്‍ പുന:സ്ഥാപിക്കുക, റേഷന്‍ സബ്ബ്‌സിഡി നിലനിര്‍ത്തുക, പ്രഖ്യാപിക്കുന്ന അളവില്‍ കൃത്യമായി റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുക, വിജിലന്‍സ് റെയ്ഡ് നിര്‍ത്തിവെക്കുക, റേഷന്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ കലക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സതീശന്‍ പാച്ചേനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ബി.സഹദേവന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരികള്‍ക്ക് ആവശ്യമായ കമ്മീഷനോ വേതനമോ നല്‍കാതെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും തുച്ഛമായ കമ്മീഷന്‍ മാത്രമാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്നതെന്നും റേഷന്‍ സാധനങ്ങളുടെ കയറ്റിറക്കിനു പോലും കമ്മീഷന്‍ തികയില്ലെന്നും ഭീമമായ സാമ്പത്തിക ബാധ്യതയാണ് റേഷന്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് സഹദേവന്‍ പറഞ്ഞു. പല വ്യാപാരികളും കടക്കെണിയില്‍പ്പെട്ടിരിക്കുകയാണ്. അതിനാല്‍ റേഷന്‍ വ്യാപാരികള്‍ മതിയായ വേതന വ്യവസ്ഥ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.വി.ജയരാജന്‍, എം.മുസ്തഫ, ഇ.നാരായണന്‍ നമ്പ്യാര്‍, കെ.പവിത്രന്‍, ഇ.എ.ആന്റണി, കെ.ഡി.നാരായണന്‍, കെ.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.കെ.ആരിഫ് സ്വാഗതം പറഞ്ഞു.
















