കാലടി: ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാക്യാമറകള്‍ പ്രവര്‍ത്തിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. നാലര വര്‍ഷം മുന്‍പ് മോട്ടോര്‍വാഹന വകുപ്പും പോലീസും ചേര്‍ന്ന് ചില സ്വകാര്യവ്യക്തികളുടെ സഹായത്തോടെ കാലടി ടൗണില്‍ നാല് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ പെരുമ്പാവൂര്‍ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയായി. ഗുണ്ടാവിളയാട്ടം ഏറ്റവും കൂടുതല്‍ നടക്കുന്ന കാലടിയിലാണ് ക്യാറമകള്‍ പ്രവര്‍ത്തിക്കാത്തത്.
എംസി റോഡില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നിറുത്താതെ പോകുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഗുണ്ടാവിളയാട്ടവും മറ്റും തടയുന്നതിനാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ എംസി റോഡില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുവാന്‍ തൃശൂര്‍ ജില്ലയിലെ പാലിയേക്കര ടോളിലെ ക്യാമറകളെയാണ് ആശ്രയിക്കുന്നത്.
നാലുമാസം മുന്‍പ് കാലടി ടൗണില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ അഴിച്ചുകൊണ്ടുപോയെങ്കിലും ഇതുവരെ പുനഃസ്ഥാപിക്കുവാന്‍ പോലീസോ മോട്ടോര്‍വാഹന വകുപ്പോ കാലടി ഗ്രാമപഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
















