തകഴി: മക്കള്‍ ഉപേക്ഷിച്ച വൃദ്ധന്‍ മനോരോഗിയായ മകനൊപ്പം നയിക്കുന്നത് ദുരിതജീവിതം. തകഴി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ശങ്കരംകളം വീട്ടില്‍ ചെല്ലപ്പന്‍ (80)ആണ് മനോരോഗിയായ മൂത്തമകന്‍ സുരേഷിനൊപ്പം ദുരിതജീവിതം നയിക്കുന്നത്. ചെല്ലപ്പനെ രണ്ടു മക്കള്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. ആറുമാസം മുമ്പ് ഭാര്യയും മരിച്ചതോടെ ചെല്ലപ്പന്റെ സംരക്ഷണം മാനസിക രോഗിയായ മകന്‍ ഏറ്റെടുത്തു. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പ്രകോപിതനാകുന്ന മകന്‍ ചെല്ലപ്പനെയും ഉപദ്രവിക്കും.
ഭക്ഷണം പാകംചെയ്തു നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ ആരും ഇല്ലാത്ത സാഹചര്യമാണുള്ളത്. ഉപേക്ഷിച്ചുപോയ മക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചെല്ലപ്പന്റെയും മകന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് ബൗദ്ധിക് പ്രമുഖ് പി. രതീഷ് തകഴി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
















