കൊച്ചി: പന്ത് കൂടുതല്‍ കൈവശം വെച്ച് കളിക്കാനാകും ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തില്‍ ടീം ശ്രമിക്കുകയെന്ന് കോച്ച് സ്റ്റീവ് കൊപ്പല്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സംഭവിച്ച പിഴവുകളില്‍ നിന്നാണ് ഈ പാഠം പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ മിഡ്ഫീല്‍ഡില്‍ പന്ത് കൈവശം വച്ചു കളിക്കുന്നതില്‍ പാളിച്ച സംഭവിച്ചതാണ് പരാജയത്തിനും മോശം പ്രകടനത്തിനും കാരണമായത്. ഇന്ന് അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോച്ച്. കൊച്ചിയിലെ പുതിയ ടര്‍ഫിലാണു കളിക്കാനിറങ്ങുന്നത്. മികച്ച ടര്‍ഫാണ് കൊച്ചിലേത്. കൊല്‍ക്കത്തക്കെതിരെ മികച്ച കളി കാഴ്ചവയ്‌ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ടീമിലെ ആര്‍ക്കും പരിക്കോ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ടീമില്‍ മാറ്റം വരുത്തും. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന അന്റോണിയോ ജര്‍മ്മന്‍ പൂര്‍ണ്ണമായി ഫിറ്റാണ്.
ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്റ്റിഗ തുടങ്ങിയവര്‍ നയിക്കുന്ന മികച്ച മുന്നേറ്റ നിരയുടെ കൊല്‍ക്കത്തയുടെ കരുത്ത്. എന്നാല്‍ സ്‌റ്റേഡിയത്തിലേക്കെത്തുന്ന പതിനായിരങ്ങളുടെ ആര്‍പ്പുവിളിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തിയെന്നും കൊപ്പല്‍ പറഞ്ഞു. ടീമിലെ താരങ്ങളെല്ലാം ഫിറ്റാണെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കഠിന പരിശീലനമാണ് ടീം നടത്തിയതെന്നും ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കറും മലയാളിയുമായ മുഹമ്മദ് റാഫി പറഞ്ഞു. ഇന്നത്ത മത്സരത്തില്‍ ജയിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും റാഫി പറഞ്ഞു.
















