മരട്: ഓട്ടോഡ്രൈവറേയും കുടുംബത്തേയും നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച ബസ് ജീവനക്കാരെ കോടതി റിമാന്‍ഡ് ചെയ്തു. ‘സര്‍ക്കാര്‍’ എന്ന പേരില്‍ പനങ്ങാട്-ചിറ്റൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ മാടവന പാഴ്മഠത്തില്‍ സാജന്‍ ഉദയന്‍(26), നെട്ടൂര്‍ നങ്ങ്യാരത്ത്പറമ്പില്‍ അഷറഫ് സൈനുദ്ദീന്‍(28), നെട്ടൂര്‍ അണ്ടിപ്പിള്ളില്‍ ഹരീഷ് ശശിധരന്‍(31), എരൂര്‍ മാണാലിപ്പറമ്പില്‍ ഷിബിന്‍ കറുപ്പന്‍ (27) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ശരീരം ആസകലം പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ തൃപ്പൂണിത്തുറ മേക്കര അടിയേടത്ത് ശ്യാം(35), കാലിന് സാരമായി പരിക്കേറ്റ ഭാര്യ നയന(28) എന്നിവര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പനങ്ങാട്ടെ ബന്ധുവീട്ടിലേക്കു പോകുമ്പോള്‍ തിങ്കള്‍ ഉച്ചയ്‌ക്ക് രണ്ടരയോടെ കൊച്ചി ബൈപാസില്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപത്തായിരുന്നു സംഭവം.
കുണ്ടന്നൂര്‍-നെട്ടൂര്‍ പാലം ഇറങ്ങുമ്പോള്‍ അമിത വേഗത്തില്‍ വന്ന ബസ് ഓട്ടോറിക്ഷയുടെ പിന്‍ ഭാഗത്തു തട്ടിയിരുന്നത്. നിറുത്താതെ പാഞ്ഞ ബസ് നെട്ടൂര്‍ ഐഎന്‍ടിയുസി സ്‌റ്റോപ്പില്‍ ആളെ കയറ്റാന്‍ നിറുത്തിയപ്പോള്‍ ഓടിയെത്തിയ ഓട്ടോറിക്ഷ ബസിനു മുന്നിലിട്ട് ശ്യാം ചോദ്യം ചെയ്തതാണ് ബസുകാരെ ചൊടിപ്പിച്ചത്. ഓട്ടോയില്‍ നിന്നു വലിച്ചിറക്കി ശ്യാമിനേയും തടയാന്‍ ശ്രമിച്ച നയനയേയും സംഘം ക്രൂരമായി മര്‍ദിച്ചു. ബസ് യാത്രക്കാര്‍ ഇടപെട്ടാണ് ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്.
















