കൊച്ചി: ജനിതക സാങ്കേതിക വിദ്യയാകും വരും തലമുറയുടെ സാങ്കേതിക വിദ്യയെന്ന് ഇന്‍ഫോസിസ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലക്യഷ്ണന്‍. കാല്‍ നൂറ്റാണ്ടിന് മുന്‍പ് നമുക്ക് ഐ ടി പഠന മേഖല എപ്രകാരമായിരുന്നോ അതുപോലെയാണ് ജിനോമിക്‌സിന്റെ ഇന്നത്തെ ശൈശവദശയെന്ന് അദ്ദേഹം പറഞ്ഞു.
യുവ തലമുറയ്‌ക്ക്ഏറ്റവും കൂടുതല്‍ പഠന ഗവേഷണ തൊഴില്‍ സാധ്യതകള്‍ തുറന്നിടുന്ന ഭാവി സാങ്കേതിക മേഖലയായി ജിനോമിക്‌സ് മാറുമെന്ന് ഗോപാലക്യഷ്ണന്‍ വ്യക്തമാക്കി. സൈജെനോം റിസര്‍ച്ച് ഫൗണ്ടേഷന്റെ ആറാമത് അന്താരാഷ്‌ട്ര ജിനോമിക്‌സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനിതക സാങ്കേതിക വിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംഘാടകരായ സൈജെനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ ഭാരവാഹികളായ സാം സന്തോഷും, ഡോ. ജോര്‍ജ് തോമസും പറഞ്ഞു. ആരോഗ്യമേഖലയ്‌ക്ക്പുറമെ, വന്യ ജീവി സംരക്ഷണം കാര്‍ഷിക മേഖല തുടങ്ങിയ രംഗങ്ങളിലെല്ലാം ജനിതക സാങ്കേതികയുടെ ഗുണഫലങ്ങള്‍ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.
















