തലശ്ശേരി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുവന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളായ പിണാറായി പാറപ്രത്തെ വടക്കയില്‍ അജയന്‍, തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ടിന്റു ബി.ഷാജി എന്നിവരെ ഏഴാം തിയ്യതിവരെ തലശ്ശേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷണത്തിന്റെ ഭാഗമായി തലശ്ശേരി സി.ഐ. പ്രദീപ് കണ്ണിപ്പൊയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരളത്തിന് പുറത്തുള്ള പതിമൂന്ന് സര്‍വ്വകലാശാലകളുടെ ആയിരത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി അജയനും ടിന്റുവും പിടിയിലായത്.
ഇവര്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസൈന്‍ ചെയ്ത് നല്‍കിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നതായി അറിയുന്നു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത തലശ്ശേരി അമൃത, കോളേജില്‍ നിന്ന് വിലകൊടുത്തുവാങ്ങിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗ കയറ്റം നേടിയ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് കാര്‍ഷിക സഹകരണ ബേങ്കിലെ മൂന്ന് ജീവനക്കാരെക്കുറിച്ചും കേരളത്തിലെ ഒരു പ്രമുഖ ടി.വി.ചാനലില്‍ പ്രമുഖ സ്ഥാനത്തിരിക്കുന്ന ആളെകുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
















