കണ്ണൂര്‍: വളപട്ടണം പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടതോടെ ചരക്കുലോറികളും മറ്റും പല വഴികളിലൂടെ ഓടുന്നത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ചരക്ക് ലോറികള്‍, ടാങ്കര്‍ ലോറികള്‍ എന്നിവയാണ് വഴിയില്‍ കുടുങ്ങുന്നത്. പുതിയതെരുവില്‍ നിന്നും വഴിതിരിച്ചുവിടുന്ന വാഹനങ്ങള്‍ കരിങ്കല്‍ക്കുഴി, അരിമ്പ്ര, പറശ്ശിനിക്കടവ്, ധര്‍മ്മശാല വഴിയാണ് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നത്. പയ്യന്നൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ തളിപ്പറമ്പില്‍ നിന്നും ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ചാലോട്-അഞ്ചരക്കണ്ടി-മമ്പറം വഴിയാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്നത്. ഈ റൂട്ടുകളിലൊന്നും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനാല്‍ റൂട്ടുകള്‍ മനസ്സിലാകാതെ പല റോഡുകളിലൂടെയും കിലോമീറ്ററുകള്‍ ഓടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ചില മേഖലകളില്‍ പ്രാദേശികമായിട്ടുള്ള സന്നദ്ധസംഘടനകള്‍ ദിശാബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം മലയാളത്തിലായതിനാല്‍ അന്യസംസ്ഥാന വാഹനങ്ങള്‍ ചുറ്റിക്കറങ്ങുകയാണ്. പുതിയതെരു-കാട്ടാമ്പള്ളി റോഡ്, ചാലോട്-ഇരിക്കൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്. ഇരിക്കൂര്‍ ഭാഗത്തു നിന്നും നൂറുകണക്കിന് ചെങ്കല്‍ ലോറികള്‍ ചാലോട് ഭാഗത്തേക്ക് പോകുന്നത് ബസ്സുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി പോലീസിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമായി വിജയിക്കുന്നില്ല.
















