പിറവിയെടുത്ത് ഏറെക്കാലം കഴിയും മുന്‍പ് ഭൂമിയ്‌ക്കു മേല്‍ ഗ്രഹസമാനമായൊരു വസ്തു വന്നിടിച്ചു. കൂട്ടിയിടിയിലെ അവശിഷ്ടങ്ങള്‍ ശൂന്യതയിലേക്കുയര്‍ന്ന് ചന്ദ്രനുണ്ടായി. മുന്‍കാലങ്ങളില്‍ ഇതൊരു സങ്കല്പമായിരുന്നു. അതുതന്നെയാണ് യാഥാര്‍ത്ഥ്യമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രം.
ഭൂമിയുടെ അന്തര്‍ഭാഗത്ത് പാറക്കെട്ടുകളുടെ ആവരണത്തിന്(മാന്റില്‍) താഴെയുളള അടരുകള്‍ രൂപപ്പെട്ടത് ഭൂമി ഭീമാകാരമായൊരു വസ്തുവുമായി കൂട്ടിയിടിച്ചപ്പോഴാണെന്നാണ് കണ്ടെത്തലുകള്‍. ഇടിയുടെ ആഘാതത്തില്‍ ശൂന്യാകാശത്തേക്ക് തെറിച്ച അവശിഷ്ടങ്ങള്‍ കൂടിച്ചേര്‍ന്ന് ഭൂമിയ്‌ക്ക് രൂപപ്പെട്ട ഉപഗ്രഹമാണ് ചന്ദ്രന്‍. പക്ഷേ ഇതേവരെ ഇതിന് കൃത്യമായ തെളിവില്ലായിരുന്നു.
എന്നാല്‍ മാന്റിലിന് താഴെയുളള ശിലയടുക്കുകള്‍ ചന്ദ്രന്റെ പിറവിയെക്കുറിച്ചുള്ള തെളിവുകളാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങളിലൂടെ ഉറപ്പിച്ചുപറയുന്നു. ഭൗമോപരിതലത്തില്‍ നിന്ന് 2,900 കിലോമീറ്റര്‍ താഴെയാണ് ഈ അടരുകള്‍. അതിന്റെ കനം 321 കിലോമീറ്റര്‍. ഇരുമ്പ്, ഓക്‌സിജന്‍, സള്‍ഫര്‍, സിലിക്കണ്‍ തുടങ്ങിയവ കൂടിച്ചേര്‍ന്നാണ് അടരുകള്‍ രൂപപ്പെട്ടിരിക്കുന്നത്.
















