ന്യൂദല്‍ഹി: സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ശ്രീലങ്കയും പിന്മാറി. ഇനി നേപ്പാളും മാലിദ്വീപും മാത്രമാണ് നിലപാട് വ്യക്തമാക്കാനുള്ളത്. ഈ സാഹചര്യത്തില്‍ ചൈനയെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൈനയിലേക്ക് ദൂതന്മാരെ അയച്ചു. അതിര്‍ത്തിയിലെ സാഹചര്യം ചൈനയുമായി ചര്‍ച്ച ചെയ്യാനാണ് ദൂതന്മാരെ അയച്ചിരിക്കുന്നതെന്നാണ് സൂചന.
ഭീകരവാദം വലിയൊരു വിഷയമാണ്. ഇത് അടിച്ചമര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടു. ഇസ്ലാമാബാദ് സാര്‍ക്ക് ഉച്ചകോടി നടത്താനുള്ള അന്തരീക്ഷത്തിലല്ല എന്നും ശ്രീലങ്ക പ്രസ്താവനയില്‍ പറയുന്നു. ഭീകരവാദം ചൂണ്ടിക്കാട്ടിയാണ് അഫ്ഗാനിസ്ഥാനും നേരത്തെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും പിന്മാറിയത്.
നംവബര്‍ ഒമ്പത്, പത്ത് തീയതികളില്‍ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സാര്‍ക്ക് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ഭാരതം നേരത്തെ ഉച്ചകോടിയില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ഭാരതത്തിന് ശക്തമായ പിന്തുണ നല്‍കി ബംഗ്ലാദേശും ഭൂട്ടാനും പിന്മാറിയിരുന്നു.
ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കേണ്ടത് നേപ്പാളാണ്. അതിനാല്‍ നേപ്പാല്‍ ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കുമെന്ന് വ്യക്തതയില്ല.
















