ന്യൂദല്‍ഹി: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബലൂച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. ഒരാഴ്‌ച്ച നീളുന്ന പ്രതിഷേധ പരിപാടികളാണ് ബലൂച്ച് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്നു മുതല്‍ ബലൂച്ച് പ്രവര്‍ത്തകര്‍ ചൈനീസ് എംബസിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും.
ചൈന-പാക്ക് ബന്ധത്തിലൂടെ ബലൂച്ചിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. ഇതിനെ തടയുകയാണ് സമരം കൊണ്ടു ലക്ഷ്യമാക്കുന്നതെന്ന് ബലൂച്ച് പ്രവര്‍ത്തകര്‍ പറയുന്നു.
പാക്കിസ്ഥാന്റെ സഹായത്തോടെ പതിവായി പ്രകൃത്തിദത്ത വിഭവങ്ങള്‍ ബലൂച്ചില്‍ നിന്നും ചൈന കടത്തുന്നുണ്ട്. സെയിന്‍ഡക്ക് ഗോള്‍ഡും കോപ്പര്‍ പദ്ധതിയും ഇതിന് ഉത്തമ ഉദാഹരണമാണ്.
നിലവില്‍ ബലൂച്ചിസ്ഥാന്‍ തീരപ്രദേശങ്ങളില്‍ സ്ഥിരമായി നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. ബലൂചിസ്ഥാനെ തങ്ങളുടെ പരിധിയില്‍ കൂടുതല്‍ നാള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന് നന്നായി അറിയാം. ഈ സാഹര്യത്തിലാണ് അവര്‍ ചൈനയുടെ സഹായം തേടുന്നത്.
ബലൂച്ചിലെ ഗവാഡാര്‍ ജില്ലയില്‍ ചൈനീസ് ജോലിക്കാരുടെ സുരക്ഷയ്‌ക്കായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ചൈന വിന്യസിച്ചിട്ടുണ്ടെന്നും ബലൂച്ച് പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടുന്നു.
ബലൂച്ചിസ്ഥാനില്‍ ചൈന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയായി മാറിയിരിക്കുകയാണെന്നും ബലൂച്ച് പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
















