കണ്ണൂര്‍: വിവാഹ ബ്യൂറോകളെന്ന് അവകാശപ്പെട്ട് പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ വ്യാപകമാവുന്നു. ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ കബളിപ്പിക്കപ്പെടുന്നവരുടെ ഏണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. വധൂവരന്മാരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നവരാണ് ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നത്. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ട് പോസ്റ്റ് ബോക്‌സ് അഡ്രസിലും മറ്റും അപേക്ഷ ക്ഷണിച്ചാണ് ജനങ്ങളെ വിവാഹബ്യൂറോകളുള്‍പ്പെടെയുളള സംഘങ്ങളും വ്യക്തികളും കബളിപ്പിക്കുന്നത്. മാധ്യമങ്ങളിലൂടെ വിവാഹാലോചനകള്‍ക്ക് ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ഇത്തരക്കാരുടെ മേല്‍വിലാസം ശേഖരിക്കുകയും ജാതകക്കുറിപ്പുകള്‍ വിപിപിയായി അയച്ചു കൊടുക്കുകയും ചെയ്യുന്ന പുതിയ രീതിയിലുളള തട്ടിപ്പുകളാണ് സജീവമായിരിക്കുകയാണ്. ജാതകക്കുറിപ്പുകള്‍ എന്ന പേരില്‍ അയക്കുന്ന ഫോട്ടോസ്റ്റാറ്റിലെ മേല്‍വിലാസത്തില്‍ ബന്ധപ്പെടുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പ്രസ്തുത കുറിപ്പില്‍ പറയുന്ന മേല്‍വിലാസത്തില്‍ താമസക്കാരില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. കൂടാതെ കുറിപ്പിലെ ഒട്ടുമിക്ക ഫോണ്‍ നമ്പറുകളും നിലവിലില്ലെന്ന മറുപടിയാണ് പലര്‍ക്കും ലഭിക്കുന്നത്. ഇതോടെ വിപിപിയായി എത്തിയ കുറിപ്പുകള്‍ക്ക് പോസ്റ്റുമാന്‍ വശം മുന്‍കൂട്ടി പണം നല്‍കിയ വിവാഹ അന്വേഷികള്‍ കബളിപ്പിക്കപ്പെടുകയാണ്. ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ സ്ഥാപനങ്ങള്‍ക്ക് പകരം പലര്‍ക്കും വിവാഹദല്ലാളുമാരെയാണ് ലഭിക്കുന്നത്. ഇവരും പലരീതിയില്‍ ആവശ്യക്കാരെ ചൂഷണം ചെയ്യുന്ന സാഹചര്യമാണുളളതെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍നിര മലയാള പത്രങ്ങളില്‍ ആഴ്ചതോറും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊണ്ടുളള നിരവധി പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നവര്‍ പലരും നാണക്കേടുകാരണം സംഭവം പുറത്തുപറയാന്‍ മടിക്കുകയാണ്. ഒരു കുറിപ്പിന് 100 രൂപ പ്രകാരം പത്ത് കുറിപ്പുകളാണ് മേല്‍വിലാസക്കാരന് ഒരൊറ്റ സമയത്ത് ഇത്തരം സംഘങ്ങള്‍ വിപിപിയായി അയച്ചു കൊടുക്കുന്നത്. ഇതുവഴി തട്ടിപ്പുസംഘങ്ങള്‍ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. കൃത്യമായ മേല്‍വിലാസവും മറ്റും ഇല്ലാത്തതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ അന്വേഷിച്ച് ദൂര സ്ഥലങ്ങളില്‍ പോകാന്‍ ആരും തയ്യാറാകാത്തതും നിയമനടപടി സ്വീകരിക്കാത്തതും ഇവര്‍ക്ക് തുടര്‍ന്നും ഇത്തരം പ്രവൃത്തികള്‍ക്ക് സഹായകരമാവുകയാണ്.
















