കാലടി: നടുറോഡില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. കൈപ്പട്ടൂര്‍ ഇഞ്ചക്ക വീട്ടില്‍ സനലാണ്(33) വെട്ടേറ്റ് മരിച്ചത്. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 01 എ.വി.3500 കാറും കസ്റ്റഡിയില്‍ എടുത്തു. കൂവപ്പടി പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്റെ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വീട്ടില്‍ വച്ച് കാര്‍ കഴുകിയതായും, കാണാനാവത്ത വിധത്തിലുമാണ് കാര്‍ ഇട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്ത കാര്‍ കാലടി സിഐയുടെ ഓഫീസില്‍ എത്തിച്ച് ഫോറന്‍സിക് അസിസ്റ്റന്റ് സീതളിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ക്ഷേത്രത്തിനു സമീപം നടന്ന കൊലപാതകം ഭക്തരിലും ആശങ്കയ്‌ക്കിടയാക്കി.
ആലുവ റൂറല്‍ എസ്പി ഉണ്ണി രാജയുടെയും പെരുമ്പാവൂര്‍ ഡിവൈഎസ്പി സുദര്‍ശനന്റെയും നേതൃത്വത്തില്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് കാലടി സിഐ സജി മാര്‍ക്കോസ് പറഞ്ഞു. മരണമടഞ്ഞ സനിലിന്റെ സംസ്‌ക്കാരം കൈപ്പട്ടൂര്‍ വ്യാകുലമാത പള്ളിയില്‍ ഇന്നു രാവിലെ ഒമ്പതിന് നടക്കും.
















