മട്ടാഞ്ചേരി: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മനാഫിന്റെ ആത്മഹത്യ കുറിപ്പില്‍ കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍. പണം ലഭിക്കാനുള്ളവരുടെ പട്ടികയിലാണ് ഇവരുടെ പേരുകളുള്ളത്. എറണാകുളം നഗരത്തില്‍ നടന്ന പെറ്റ് ഷോ സംഘാടകരില്‍ ഇവരോടോപ്പം മനാഫുമുണ്ടായിരുന്നു. ഷോയുടെ ചിലവിനായി ലക്ഷങ്ങളാണ് മനാഫ് പലരില്‍ നിന്നായി വായ്‌പ വാങ്ങിയത്. ഷോയില്‍ നിന്നുള്ള വരുമാനത്തെ കുറിച്ച് മനാഫിനെ ഇവര്‍ അറിയിച്ചിരുന്നില്ലെന്നും പറയുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ ബാധ്യതയെക്കുറിച്ച് സംസാരിക്കുന്നതിനായി സഹസംഘാടകരായ കോണ്‍ഗ്രസ്സ് നേതാക്കളെ സമീപിച്ചെങ്കിലും ഇവര്‍ മനാഫിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. വായ്‌പ തുകയ്‌ക്കായി മനാഫില്‍ സമ്മര്‍ദ്ദമുണ്ടായതോടെയാണ് രക്ഷയ്‌ക്കായി ആത്മഹത്യ ചെയ്യുന്നതെന്ന് മനാഫ് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പണം ലഭിക്കാനും നല്കാനുമുള്ളവരുടെ പട്ടികയും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. മനാഫിന്റെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കുമെന്ന് മനാഫിന്റെ ബന്ധുക്കള്‍ പറഞ്ഞു.















