ഇരിട്ടി: എടൂര്‍ കൊട്ടുകപ്പാറ മലയോര ഹൈവേയുടെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചു ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എടൂരില്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയെങ്കിലും മറ്റു പ്രവര്‍ത്തികള്‍ ചെയ്യാത്തത് മൂലം ഏറെ ദുരിതം അനുഭവിക്കുകയാണ് പ്രദേശവാസികളെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പൊതുമരാമത്ത് വകുപ്പധികൃതര്‍ വാക്കാല്‍ പലതവണ ഉറപ്പു നല്കിയതല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇവര്‍ ശ്രമം നടത്തുന്നില്ലെന്ന് കമ്മിറ്റി പറയുന്നു. റോഡിനായി വീതികൂട്ടിയപ്പോള്‍ ഉയരമുള്ള സ്ഥലങ്ങളില്‍ നിന്നും മണ്ണിടിച്ചത് കാരണം വീടുകളും കെട്ടിടങ്ങളും മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്നു. പല വീടുകളിലെക്കുമുള്ള വഴികള്‍ തടസ്സപ്പട്ട നിലയിലാണ്.
വെള്ളം ഒഴുകിപ്പോവാന്‍ ആവശ്യമായ ഓവുചാലുകള്‍ നിര്‍മ്മിച്ചിട്ടില്ല. വീടുകളും, വില്ലേജ് ഓഫീസ്, പള്ളി അടക്കമുള്ളവയുടെ കെട്ടിടങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ കോണ്‍ക്രീറ്റ് മതില്‍ തീര്‍ത്ത് സംരക്ഷണമൊരുക്കേണ്ട അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. മലയോര ഹൈവേയുടെ മറ്റ് ഭാഗങ്ങളിലെല്ലാം അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ എടൂര്‍ കൊട്ടുകപ്പാറ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭങ്ങളുമായി മുന്നിട്ടിറങ്ങാന്‍ പ്രതിഷേധ സംഗമം തീരുമാനിച്ചു. എടൂര്‍ ഫെറോന പള്ളി വികാരി റവ.ഫാ.ആന്റണി മുതുകുന്നേല്‍ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള പതിനായിരം പേര്‍ ഒപ്പിട്ട് നല്‍കുന്ന ഭീമഹര്‍ജിയില്‍ ആദ്യമായി ഒപ്പിട്ടു. പഞ്ചായത്ത് മെമ്പര്‍ ജോഷി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ.ജോസഫ്, മെമ്പര്‍ ലില്ലി മുരിയംകരി, അബ്രഹാം പാരിക്കാപ്പള്ളി, സി.എസ്.രാമകൃഷ്ണന്‍, പി.വി.ജോര്‍ജ്ജ്, ടോമി മുരിയംകരി, ഷൈജന്‍ വടക്കേക്കര, സജി കിഴക്കേല്‍, സണ്ണി പാലമറ്റം, റോബര്‍ട്ട് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















