മാവേലിക്കര: നാടോടിയായ യുവതിയുടെ മരണാനന്തര നിയമ നടപടികള്‍ സ്വയമേറ്റെടുത്ത് മാവേലിക്കര പോലീസ് മാതൃകയായി. മൈസൂര്‍ ബാരോചെപ്പ നഗര്‍ രാധ(40) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ മരിച്ചിരുന്നു. നാടോടിയായ ഇവര്‍ക്ക് കഴിഞ്ഞ 10ന് തലശേരില്‍ വെച്ചാണ് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇതിനെ തുടര്‍ന്ന് ഇവര്‍ തലശേരിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധുവായ സ്ത്രീയെ കാണാനായി മാങ്കാംകുഴിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് രോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചു.
സംഭവം തലശേരില്‍ വച്ച് നടന്നതിനാല്‍ തലശേരി പോലീസ് എത്താനുള്ള കാലതാമസവും വ്യക്തമായ വാസസ്ഥലമോ മേല്‍വിലാസമോ ഇല്ലാത്ത ഇവരുടെ ദയനീയാവസ്ഥയും കണ്ടാണ് മാവേലിക്കര എസ്‌ഐ: രാജേന്ദ്രന്‍, സിപിഒ എബി എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാ ക്കിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
















