അമ്മാന്‍: ഫേസ്ബുക്കില്‍ ഭീകരരെ കളിയാക്കുന്ന കാര്‍ട്ടൂണിട്ട പ്രമുഖ ജോര്‍ദാനിയന്‍ എഴുത്തുകാരന്‍ നാഹേദ് ഹാട്ടറിനെ വെടിവെച്ചുകൊന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹാജരായ, ക്രിസ്ത്യാനിയായ ഹാട്ടറെ അമ്മാനിലെ കോടതി വളപ്പില്‍ ഭീകരര്‍ വധിക്കുകയായിരുന്നു.
സ്വര്‍ഗത്തിലെ കട്ടിലില്‍ സുന്ദരിമാര്‍ക്കൊപ്പം, സിഗരറ്റ് പുകച്ച് കിടക്കുന്ന താടിക്കാരന്‍ ഭീകരന്‍ ദൈവത്തോട് വൈനും കശുവണ്ടിയും കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതാണ് കാര്‍ട്ടൂണ്‍.
കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലിട്ടതിന് 56 വയസുള്ള ഹാട്ടറിനെതിരെ കേസ് എടുത്ത്, ആഗസ്റ്റ് 13ന് അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിനെ അധിക്ഷേപിച്ചെന്നായിരുന്നു കേസ്. വിവാദമായതോടെ, ഇത് ഭീകരര്‍ക്ക് എതിരെയുള്ളതാണ്, ദൈവത്തിനെതിരല്ല എന്നു പറഞ്ഞ് കാര്‍ട്ടൂണ്‍ നീക്കിയെങ്കിലും മതമൗലികവാദികള്‍ വിടാന്‍ തയ്യാറായിരുന്നില്ല. ഈ കേസില്‍ ഹാജരാകാന്‍ എത്തിയതാണ് ഇന്നലെ.
ജോര്‍ദാന്‍ രാജാവിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് ഹാട്ടറിനെ മുന്‍പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഐഎസിനെതിരെ പോരാടുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ അംഗമാണ് ജോര്‍ദാന്‍.
















