ന്യൂദല്‍ഹി: റഫേല്‍ യുദ്ധവിമാന കരാറില്‍ ഭാരതവും ഫ്രാന്‍സും ഇന്ന് ഒപ്പുവെക്കും. ഫ്രാന്‍സില്‍നിന്നു 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലാണ് കേന്ദ്രം ഇന്നു ഒപ്പുവയ്‌ക്കുന്നത്. 58,750 കോടി രൂപയ്‌ക്കാണ് വിമാനങ്ങള്‍ വാങ്ങുന്നത്.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്സ് ഡ്രെയിനുമായി നടത്തുന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരിക്കും കരാറില്‍ ഒപ്പിടുക. കരാര്‍ ഒപ്പിടുന്ന ദിവസം മുതല്‍ 36 മാസത്തിനും 66 മാസത്തിനും ഇടയില്‍ വിമാനങ്ങള്‍ നല്‍കുമെന്നാണു ധാരണ.
ഇരട്ട എഞ്ചിനുകളുള്ള ഇടത്തരം വിവിധോദ്യേശ വിമാനമാണ് റഫേല്‍. അയല്‍രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണുവായുധം വഹിക്കുവാനും ശേഷിയുള്ള യുദ്ധവിമാനങ്ങളാണിത്.
ഭാരതത്തിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കു മിസൈല്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് റാഫേല്‍ വിമാനങ്ങള്‍. ഫാന്‍സിലെ ഡസു ഏവിയേഷനാണ് റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
കാലപ്പഴക്കം ചെന്ന റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ പടി പടിയായി ഡീ കമ്മിഷന്‍ ചെയ്ത് പൂര്‍ണമായും ഒഴിവാക്കി പകരം റാഫേലുകളും യുഎസ് നിര്‍മിത എഫ് 16ഉം തദ്ദേശീയമായി വികസിപ്പിച്ച തേജസും വ്യോമസേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഭാരതം കരാറില്‍ ഒപ്പിടുന്നത്.
അതേസമയം റാഫേല്‍ വിമാനങ്ങള്‍ ലഭിച്ചാല്‍ ഭാരത വ്യാമസേനയ്‌ക്കു കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
















