ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പ്രയോഗിക്കുന്ന പെലറ്റ് തോക്കുകള്‍ നിരോധിക്കാനാവില്ലെന്ന് ജന്മു കശ്മീര്‍ ഹൈക്കോടതി. പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം നടത്തിയ നടപടികള്‍ ശരിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന് കാട്ടി ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഏത് തരത്തിലുള്ള മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു.
പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയുള്ളെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പെല്ലറ്റ് തോക്കിന്റെ പ്രയോഗം മൂലം പരിക്കേറ്റവര്‍ക്ക് വേണ്ട രീതിയിലുള്ള ചികിത്സ നല്‍കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. അന്ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 85 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
ഇവരിലേറെപ്പേരും പെലറ്റ് തോക്ക് പ്രയോഗത്തിലാണ് കൊല്ലപ്പെട്ടത്. ഏകദേശം ആയിരത്തോളം പേര്‍ക്ക് ഇതില്‍ പരിക്കേറ്റിരുന്നു പെലറ്റ് തോക്കുകളുടെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പെലറ്റ് തോക്കുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയത്.
















