സന: മാര്‍ച്ച് 26, 2015. രാത്രി 12 മണി. എന്റെ രണ്ടാമത്തെ സംഗീത നിശയ്‌ക്ക് തലേന്നുള്ള രാത്രി. ഞാന്‍ ആവേശ ഭരിതയായിരുന്നു. ഞാന്‍ ഉണര്‍ന്ന് വേഷം ധരിച്ചു. അപ്പോഴാണ് അമ്മ പറയുന്നത് യെമനെതിരായ യുദ്ധം ആരംഭിച്ചുകഴിഞ്ഞുവെന്ന്. പത്തു വയസുള്ള യാരാ അമ്മയുടെ മൊബൈലിലെ കാമറ നോക്കി സംസാരിച്ചതുടങ്ങി. ഹൂതി വിമതര്‍ കീഴടക്കിയ യെമന്‍ തലസ്ഥാനമായ സനയിലാണ് യാരാ താമസിക്കുന്നത്.
നീലക്കുപ്പായം, ചുരുണ്ട മുടി, പച്ച റിബണ്‍.. സുന്ദരിക്കുട്ടിയായ യാരാ ശുദ്ധമായ ഇംഗ്‌ളീഷില്‍ ഹൃദയം ഉരുക്കിയൊഴിക്കുകയാണ്. വേദനയും യാതനയും നിറഞ്ഞ ജീവിതത്തെപ്പറ്റി. യുദ്ധം നിര്‍ത്തണം, എനിക്ക് മരിക്കേണ്ട. എനിക്ക് ജീവിക്കണം, ഡോക്ടറാകണം, എന്‍ജിനിയറാകണം, വളരണം, അവള്‍ പറഞ്ഞു. ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ യെമനില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. 2015 മാര്‍ച്ച് മുതല്‍ ഇതുവരെയായി കുറഞ്ഞത് പതിനായിരം പേരെങ്കിലും മരിച്ചെന്നാണ് കണക്ക്. തന്റെ കുടുംബവും കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് യാരാ.
തൊഴില്‍ നഷ്ടപ്പെട്ട് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ആയിരങ്ങള്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയപ്പാടിലാണ്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയോടുള്ള വെറുപ്പും അവള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഹൂതി വിമതര്‍ക്ക് എതിരായാണ് അവരുടെ പോരാട്ടം. സൗദികള്‍ കള്ളം പറയുകയാണ്. യെമനനെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയാണ്.
സ്‌കൂളുകള്‍ തകര്‍ത്തു, ഫാക്ടറികള്‍ തകര്‍ത്തു, കുട്ടികളെ കൊല്ലുന്നു,…അവര്‍ ദയവായി യെമനെതിരായ യുദ്ധം നിര്‍ത്തണം. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു.
















