കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് “വൃക്കക്ക് ഒരു തണല്‍” എന്ന പേരില്‍ മെഡിക്കല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. 24, 25 തിയ്യതികളില്‍ കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പ്രദര്‍ശനം. പരിയാരം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് വടകര തണല്‍ ആണ് എക്‌സിബിഷന്‍ ഒരുക്കുന്നത്. ഏഴ് പവലിയനുകളിലായി ഒരുക്കുന്ന പ്രദര്‍ശനത്തില്‍ വൃക്കയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള പരിചയപ്പെടുത്തല്‍, വൃക്ക രോഗങ്ങള്‍, അവയുടെ കാരണങ്ങള്‍, ചികിത്സാ രീതികള്‍, രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡയാലിസിസ് രീതികള്‍ തുടങ്ങിയവ വിശദീകരിക്കും. വൃക്കരോഗ സൗജന്യപരിശോധനയ്‌ക്കുള്ള സൗകര്യവും അവയവദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസന്റേഷനും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും എക്‌സിബിഷന്‍ സമയം.
















