ഇസ്ലാമാബാദ്: പാക്ക് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭീകരതയെ പിന്തുണയ്‌ക്കുന്നത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്റെ ചീഫ് ജസ്റ്റീസ് അന്‍വര്‍ സഹീര്‍ ജമാലി രംഗത്ത്.
കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി പാക്ക് ചീഫ് ജസ്റ്റീസ് രംഗത്തെത്തിയത്. ഒരു പൊതു പരിപാടിക്കിടയിലാണ് ചീഫ് ജസ്റ്റീസ് അന്‍വര്‍ സഹീര്‍ ജമാലി ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നത് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ടത്.
തീവ്രവാദികളും രാജ്യത്തെ രാഷ്‌ട്രീയ – മത സംഘടനകളും തമ്മിലുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭാരതത്തിലേയ്‌ക്ക് നിയന്ത്രണരേഖ കടന്നു നുഴഞ്ഞുകയറിയ ഭീകരരുടെ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാക് ചീഫ് ജസ്റ്റീസിന്റെ പ്രസ്താവന. ഇതുകൂടാതെ രാജ്യത്തെ കോടതികളെ ആക്രമിച്ച് ഭീകരവാദം പ്രചരിപ്പിക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും അതിനാല്‍ കോടതികള്‍ക്കും ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ക്കും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും പാക് സുരക്ഷാ ഏജന്‍സിയോട് ജമാലി ആവശ്യപ്പെട്ടിട്ടുണ്ട്.
















