റഹാമി, പോലീസ് വെടിവയ്‌പ്പില്‍ പരിക്കേറ്റ റഹാമിയെ ശസ്ത്രക്രിയക്ക് എത്തിച്ചപ്പോള്‍
ന്യൂയോര്‍ക്ക്: മാന്‍ഹാട്ടണില്‍ ഭീകരാക്രമണം നടത്തി പിടിയിലായ അഫ്ഗാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അഹമ്മദ് ഖാന്‍ റഹാമിയെ ചോദ്യം ചെയ്യുന്നു. ഇയാള്‍ അല്‍പ്പകാലം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ പോയതോടെയാണ് മനംമാറി ഭീകരനായതെന്നാണു വിവരം. ഇയാള്‍ പ്രഷര്‍കുക്കറില്‍ വച്ച ബോംബു പൊട്ടി 29 പേര്‍ക്കാണ് പരിക്കേറ്റത്. ഒരു ബോംബ് പോലീസ് നിര്‍വീര്യമാക്കി.
ഇരുപത്തിയെട്ടു വയസുള്ള ഇയാള്‍ തിങ്കളാഴ്ചയാണ് പിടിയിലായത്. വെടിവയ്‌പ്പിനൊടുവിലാണിത്.
മുഹമ്മദ് എന്നതിന്റെ ചുരുക്കെഴുത്തായ എംഎഡി (മാഡ്) എന്നാണ് ഇയാളെ സൃഹുത്തുക്കള്‍ വിളിച്ചിരുന്നത്. വെടിവയ്‌പ്പില്‍ കാലിനും തോളിനും പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അഞ്ചു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിനിടെ പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ പലതവണ അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് മടങ്ങിവന്നതോടെയാണ് പൂര്‍ണ്ണമായും ഭീകരനായത്. ഒരു തവണ മടങ്ങിവന്നപ്പോള്‍ താടിവച്ചിരുന്നു. പരമ്പരാഗത മുസ്ലിം വേഷമണിയാന്‍ തുടങ്ങി. കുടുംബം നടത്തിയിരുന്ന ചിക്കന്‍ റസ്റ്റോറന്റിന്റെ പിന്നിലെ മുറിയില്‍ സ്ഥിരമായി പ്രാര്‍ഥന തുടങ്ങി- സൃഹൃത്ത് ഫ്‌ളീ ജോണ്‍സ് പറഞ്ഞു.
ഇയാള്‍ പാക് യുവതിയെ വിവാഹം കഴിച്ചു. അവര്‍ അമേരിക്കന്‍ വിസക്ക് അപേക്ഷിച്ചിരുന്നു. ഇപ്പോള്‍ എവിടെയെന്ന് അറിയില്ല. താലിബാന്റെ കോട്ടയായ ക്വറ്റയില്‍ 2011ല്‍ കുറേക്കാലം താമസിച്ചു. 2013നും 2014നും ഇടയ്‌ക്ക് പാക്കിസ്ഥാനിലേക്ക് യാത്ര നടത്തി. അവിടെ 11 മാസം താമസിച്ചു.
അഫ്ഗാനിസ്ഥാനിലാണ് റഹാമി ജനിച്ചത്. പിന്നീട് കുടുംബം അമേരിക്കയിലേക്കു മാറി. ന്യൂജേഴ്‌സിയില്‍ പോലീസുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് സഹോദരന്‍ ഖ്വാസിം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. 2011ല്‍ ഇവരുടെ കുടുംബ റസ്റ്റോറന്റില്‍ ശബ്ദമാണെന്നാരോപിച്ച് നല്‍കിയ ഹര്‍ജികളില്‍, തങ്ങള്‍ക്ക് എതിരെ വിവേചനമാണെന്നാരോപിച്ച് ഇവര്‍ മറുഹര്‍ജി നല്‍കി. റഹാമിയും ഉപ്പയും കൂടിയായിരുന്നു ഹര്‍ജി നല്‍കിയത്. മുസ്ലിങ്ങള്‍ ഇവിടത്തുകാരല്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ഉപദ്രവിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
മൂന്നു വര്‍ഷത്തിനു ശേഷം 2014ല്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് റഹാമിയെ അറസ്റ്റു ചെയ്തു. സഹോദരിയെ കുത്താന്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നെങ്കിലും കേസ് എടുത്തില്ല. ഇയാള്‍ക്ക് പഴയ കാമുകി മറിയയില്‍ ഒരു കുഞ്ഞുണ്ട്. കുഞ്ഞിന് ജീവനാംശമായി ഒന്നും നല്‍കിയില്ല. ഇയാള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല- മറിയ പറഞ്ഞു.
ഇയാള്‍ക്ക് സ്‌ഫോടനം നടത്താന്‍ പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നു. അല്ലെങ്കില്‍ ബോംബുണ്ടാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും പോലീസ് പറയുന്നു.
അതിനിടെ ഇയാളെ പിടികൂടാന്‍ സഹായകമായത് ഭാരത വംശജനായ ഹരീന്ദര്‍ ബെയ്ന്‍സിന്റെ ഇടപെടലാണെന്ന് സൂചന. ബാറുടമയാണ് ഇയാള്‍. റഹാമി ഇയാളുടെ ബാറിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്നു. ആരോ മദ്യപിച്ച് ഉറങ്ങുകയാണെന്ന് കരുതി അടുത്തു ചെന്ന് നോക്കിയപ്പോള്‍ അല്‍പ്പം മുന്‍പ് ടിവിയില്‍ കണ്ടായാളാണെന്ന് മനസിലാക്കി പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ തോക്കെടുത്ത് വെടിവച്ചു. ഒരു പോലീസുകാരന് പരിക്കേറ്റു.
















