ആലപ്പുഴ: ജില്ലയില്‍ ബക്രീദ് – ഓണം വിപണിയിലെ ചൂഷണം തടയുന്നത് ലക്ഷ്യമിട്ട് അഞ്ചു മുതല്‍ 12 വരെ ലീഗല്‍ മെട്രോളജി വകുപ്പ് സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലും ഹെല്‍പ്പ് ഡെസ്‌കിലും 12 പരാതികള്‍ ലഭിച്ചു. കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 47 കേസുകള്‍ എടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി സ്ഥാപനങ്ങള്‍, റേഷന്‍ കടകള്‍, ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ടെക്‌സ്റ്റൈല്‍സുകള്‍, പൊതു വിപണികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. രണ്ടു സ്‌ക്വാഡുകളായി രാത്രികാല മിന്നല്‍പരിശോധനയും നടത്തിയിരുന്നു. അളവില്‍ കുറവ്, നിര്‍ദ്ദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പായ്‌ക്കറ്റുകള്‍ വില്‍പന നടത്തുക, അമിതവില ഈടാക്കുക, സാക്ഷ്യപ്പെടുത്താത്തതും കൃത്യമല്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, രേഖകള്‍ ഹാജരാക്കാതിരിക്കുക എന്നീ കൂറ്റകൃത്യങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിന്നല്‍പരിശോനയ്‌ക്ക് അസിസ്റ്റന്റ് കണ്‍ട്രോള്‍മാരായ ജെ.സി. ജീസണ്‍, എസ്. ഷെയ്‌ക്ക് ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എം. അബ്ദുള്‍ ഹയിസ്, ഇന്‍സ്‌പെക്ടര്‍മാരായ ഷൈനി വാസവന്‍, കെ.കെ. ഉദയന്‍, ബിനു ബാലക്, കെ.എം. സനോജ്, പി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















