മാവേലിക്കര: നഗരത്തിനെ നടുക്കി വീണ്ടും സ്വകാര്യബസ് അപകടം. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ മിച്ചല്‍ ജംഗ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയിലെത്തിയ സ്വകാര്യബസ് ഇടിച്ചാണ് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചത്.
ബൈക്ക് യാത്രക്കാരായ വെട്ടിയാര്‍ താന്നിക്കുന്നില്‍ പാലവിള തെക്കേതില്‍ ഡി. വര്‍ഗീസ് (കുഞ്ഞുമോന്‍-59), വെട്ടിയാര്‍ സുബിന്‍ഭവനം എം.എ. ബേബി (കുഞ്ഞപ്പായി-68) എന്നിവരാണ് മരിച്ചത്. എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് മാങ്കാംകുഴിയില്‍ മത്സരിച്ചെത്തിയ സ്വകാര്യബസ് പാഞ്ഞുകയറി ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചത്. ആറുവര്‍ഷം മുന്‍പ് സ്വകാര്യബസ് സ്റ്റാന്റില്‍ നിയന്ത്രണം വിട്ട ബസ് യാത്രക്കാര്‍ക്കിടിയിലേക്ക് പാഞ്ഞുകയറി അമ്മയുടെ കണ്‍മുന്നിലാണ് വിദ്യാര്‍ത്ഥിനി മരിച്ചത്.
ഇതിനു ശേഷം സ്വകാര്യബസ് ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒടുവില്‍ ഇന്നലെ നടന്ന അപകടത്തില്‍ രണ്ടു ജീവന്‍ പൊലിഞ്ഞു.
നഗരത്തില്‍ പ്രത്യേകിച്ച് മിച്ചല്‍ ജംഗ്ഷനില്‍ എല്ലാ വിധ നിയമങ്ങളെയും വെല്ലുവിളിച്ചാണ് സ്വകാര്യബസുകളടക്കം പായുന്നത്. പടിഞ്ഞാറു ഭാഗത്തു നിന്നും എത്തുന്ന സ്വകാര്യബസ്സുകളാണ് കൂടുതല്‍ സിഗ്നല്‍ തെറ്റിക്കുന്നത്.
ഇടത് ഭാഗത്തേക്കുള്ള സിഗ്നല്‍ വീണില്ലെങ്കിലും ഫ്രീലെറ്റ് ആണെന്ന് അവകാശപ്പെട്ട് സ്വകാര്യ ബസ്സുകള്‍ കാത്തുകിടക്കുന്ന മുഴുവന്‍ വാഹനങ്ങളെയും മറികടന്ന് ഇടത്തേക്ക് തിരിയുന്നു. ഇത് അപകടങ്ങള്‍ വരുത്തുന്നു. തലനാരിയ്‌ക്കാണ് കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും പലപ്പോഴും രക്ഷപെടുന്നതെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു.
ഇതേ പോലെയാണ് കിഴക്കുനിന്നും എത്തുന്ന സ്വകാര്യ ബസുകളും. വാഹനങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും ഇവര്‍ വലതു ഭാഗത്തുകൂടി കയറി വന്ന് സിഗ്നല്‍ തെറ്റിച്ച് വലതു ഭാഗത്ത് തിരിഞ്ഞ് സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് പോകുന്നു. ഇത്തരത്തില്‍ എത്തുന്ന സ്വകാര്യബസുകള്‍ പലപ്പോഴും ഇവിടെ ഗതാഗത കുരുക്കും സൃഷ്ടിക്കുന്നു.
സ്വകാര്യബസ്സുകളുടെ അമിതവേഗതയ്‌ക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പേരിന് നടപടികള്‍ സ്വീകരിച്ച് പ്രതിഷേധം തണുപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
















