ശുചീകരണം നടത്താത്തതിനാല്‍ ചാണകവും മുറ്റും നിറഞ്ഞ് വൃത്തിഹീനമായ ഗോശാല
അമ്പലപ്പുഴ: ജീവനക്കാര്‍ പണിമുടക്കിയതിനാല്‍ അമ്പലപ്പുഴ കണ്ണന്റെ ഗോക്കള്‍ പട്ടിണിയില്‍. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയിലാണ് കഴിഞ്ഞ രണ്ടു ദിവസമായി അമ്പതോളം പശുക്കള്‍ പട്ടിണി കിടക്കുന്നത്.
2011ല്‍ ആരംഭിച്ച ഗോശാലയില്‍ ആകെ മൂന്നു ജീവനക്കാരാണ് ഉള്ളത്. ഇവര്‍ക്കായി മുപ്പതിനായിരം രൂപയാണ് ദേവസ്വം ബോര്‍ഡ് ശമ്പളത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ അമ്പലപ്പുഴ സ്വദേശിയായ ഒരു ജീവനക്കാരന് പതിനയ്യായിരവും മറ്റു രണ്ടുപേര്‍ക്ക് 7,500 രൂപ വീതവുമാണ് നല്‍കുന്നത്.
ആറുമാസം അവധിയായിരുന്ന അമ്പലപ്പുഴ സ്വദേശിയായ ജീവനക്കാരന്‍ അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചപ്പോഴും പതിനയ്യായിരം രൂപയാണ് ദേവസ്വം ബോര്‍ഡ് നല്‍കിയത്. ഒരേ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള ശമ്പളം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മറ്റ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം ആരംഭിച്ചത്. ഇതോടെ കിടാങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം ഗോക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആരുമില്ലാത്ത സ്ഥിതിയായി.
അറുപതു ലിറ്റര്‍ പാല്‍ വരെ ദിവസവും ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അളവ് പകുതിയില്‍ താഴെയായി കുറയുകയും. ചെയ്തു. കണ്ണന്റെ മുന്നില്‍ ഗോക്കള്‍ പട്ടിണി കിടന്ന് വലഞ്ഞിട്ടും ഇതിനു പരിഹാരം കാണാന്‍ ദേവസ്വം അധികൃതര്‍ തയ്യാറാകാത്തതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















