ന്യൂയോര്‍ക്ക്: മാന്‍ഹട്ടന്‍ സ്‌ഫോടനകേസിലെ പ്രതിയായ അഹമ്മദ് ഖാന്‍ രഹാമിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് ഭാരത വംശജന്‍. ന്യൂജഴ്‌സിയിലെ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സിന്റെ ധീരോചിതമായ ഇടപെടലാണ് കൊടും ഭീകരനായ രഹാമിയെ കുടുക്കാന്‍ സഹായിച്ചത്.
രാത്രിയില്‍ ബാര്‍ അടയ്‌ക്കാനായി നോക്കുമ്പോഴാണ് ബാറിനു മുന്നില്‍ ഒരാള്‍ കിടന്നുറങ്ങുന്നതു കണ്ടത്. ഹരീന്ദര്‍ അടുത്തു ചെന്ന് മുട്ടിവിളിച്ചപ്പോഴാണ് ടിവിയില്‍ കണ്ട ഭീകരനാണ് കിടന്നുറങ്ങുന്നതെന്ന് മനസിലായത്. തുടര്‍ന്ന് ഹരീന്ദര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ശബ്ദം കേട്ടുണര്‍ന്ന രഹാമി അക്രമാസക്തനാവുകയും പോലീസിനുനേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെയ്‌പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. നീണ്ടനേരത്തെ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ പോലീസ് രഹാമിയെ കീഴടക്കി.
അതേസമയം ഹരീന്ദറിന്റെ ധീരമായ ഇടപെടീലാണ് ഭീകരനെ കുടുക്കിയതെന്ന് പോലീസ് പറഞ്ഞെങ്കിലും ഹീറോ ആയി തന്നെ ഉയര്‍ത്തിക്കാട്ടുന്നതിനോട് ഹരീന്ദര്‍ വിയോജിച്ചു. സാധാരണപൗരന്‍ ചെയ്യേണ്ട കടമ മാത്രമാണ് താന്‍ ചെയ്തത്. സേനയാണ് യഥാര്‍ത്ഥ ഹീറോ എന്നും ഹരീന്ദര്‍ ബെയ്ന്‍സ് അഭിപ്രായപ്പെട്ടു.
ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു.
















