അലപ്പോ: വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ സിറിയയില്‍ വീണ്ടും വ്യോമാക്രമണം. അവശ്യ വസ്തുക്കളുമായി പോയ യുഎന്‍ ട്രക്കുകള്‍ക്കുനേരെയാണ് വ്യോമാക്രമണം ഉണ്ടായത്. സന്നദ്ധ പ്രവര്‍ത്തകരും ട്രക്ക് ഡ്രൈവര്‍മാരും അടക്കം 12 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അലപ്പോയ്‌ക്ക് സമീപമുള്ള ഉം അല്‍ കബ്രയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ റഷ്യയോ സിറിയന്‍ സര്‍ക്കാരോ ആകാമെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതേക്കുറിച്ച് സിറിയന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനുള്ള സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്നു ട്രക്കുകള്‍. 31 ട്രക്കുകളില്‍ 18 എണ്ണവും ആക്രമണത്തില്‍ തകര്‍ന്നു. വാഹനങ്ങള്‍ക്ക് നേരെ അഞ്ച് മിസൈലുകള്‍ പതിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
സിറിയയില്‍ അമേരിക്കന്‍ സഖ്യസേനയും റഷ്യയും തമ്മില്‍ സംയുക്ത തീരുമാനത്തിലൂടെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയെങ്കിലും നിരവധി തവണ ലംഘിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ലംഘിച്ച് സിറിയന്‍ വിമതര്‍ സര്‍ക്കാര്‍ സൈനികരെ ആക്രമിക്കുകയണെന്നു റഷ്യന്‍ വിദേശമന്ത്രാലയം ആരോപിച്ചിരുന്നു.
















