ന്യൂദല്‍ഹി: പാക്കിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ബലൂചിസ്ഥാന്‍ നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്‌ക്കാണ് രാജ്യം ഇതിനു മുന്‍പ് രാഷ്‌ട്രീയ അഭയം നല്‍കിയത്. ബലൂച് നേതാക്കള്‍ക്ക് അഭയം നല്‍കാനുള്ള തീരുമാനം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര നീക്കങ്ങളിലും മാറ്റമുണ്ടാക്കും.
ഭാരതത്തില്‍ രാഷ്‌ട്രീയ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷ നല്‍കുമെന്ന് ബലൂച് നേതാവ് പ്രതികരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആഭയാര്‍ത്ഥിയായി കഴിയുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രഹുംദാഗ് ബുഗ്തിയാണ് രാഷ്‌ട്രീയ അഭയാര്‍ത്ഥിത്വത്തിന് ഭാരതത്തെ സമീപിക്കുന്നത്. എംബസി വഴി ഇതിനുള്ള അപേക്ഷ നല്‍കുമെന്ന് ബുഗ്തി പറഞ്ഞു. നിയമപരമായി അപേക്ഷ നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു. അഭയം നല്‍കാന്‍ തയ്യാറാണെന്ന് ഭാരതം നേരത്തെ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനും ചൈനക്കുമെതിരെ അന്താരാഷ്‌ട്ര കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് ഭാരതം, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളോട് സഹായം ആവശ്യപ്പെടും. പത്ത് വര്‍ഷം മുന്‍പ് പാക്കിസ്ഥാന്‍ സൈന്യം കൊലപ്പെടുത്തിയ ബലൂച് സ്വാതന്ത്ര്യസമര നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ ചെറുമകനാണ് ബുഗ്തി.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ പരാമര്‍ശിച്ചതിന് ശേഷം വിഷയം അന്താരാഷ്‌ട്ര ശ്രദ്ധ നേടിയെന്ന് ബുഗ്തി ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്താനുള്ള ഭാരതത്തിന്റെ നീക്കത്തിന് ശക്തി പകരുന്നതാണ് ബുഗ്തിയുടെ തീരുമാനം.
















