ബെംഗളൂരു: കാവേരി നദി ജലതര്‍ക്കത്തെ തുടര്‍ന്ന് ബെംഗളൂരുവിലുണ്ടായ പ്രക്ഷോഭത്തിനിടെ 22 കാരിയായ യുവതി ബസുകള്‍ക്ക് തീവെച്ചത് ഒരു ബിരിയാണിക്കും 100 രൂപയ്‌ക്കും വേണ്ടിയെന്ന് വെളിപ്പെടുത്തല്‍. യുവതിയുടെ അമ്മയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
100 രൂപയും മട്ടന്‍ ബിരിയാണിയും വാഗ്ദാനം ചെയ്താണ് തന്റെ മകള്‍ ഭാഗ്യയെ സുഹൃത്തുക്കള്‍ അക്രമങ്ങള്‍ക്കായി വിളിച്ചുകൊണ്ടുപോയതെന്ന് അമ്മ യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.എന്‍ ഗാരേജിനടുത്ത് ഗിരിനഗറിലാണ് ഭാഗ്യ താമസിക്കുന്നത്. സെപ്തംബര്‍ 12 ഉച്ചയോടെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ മകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരാണ് ബിരിയാണിയും പണവും നല്‍കാമെന്ന് പറഞ്ഞത് – യെല്ലമ്മ പറഞ്ഞു.
കെ.പി.എന്‍ ബസ് ഡിപ്പോയിലെ ബസുകള്‍ക്ക് തീവെച്ചത് അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ടാണ് ഭാഗ്യ അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെയും ബസ് ജീവനക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭാഗ്യയെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ ഭാഗ്യയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവെപ്പിന് നേതൃത്വം നല്‍കിയത് ഭാഗ്യ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ലെന്നും, കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
















