ന്യൂയോര്‍ക്ക്: ലോകപ്രശസ്ത നാടകകൃത്ത് എഡ്‌വേര്‍ഡ് ഫ്രാങ്ക്‌ളിന്‍ ആല്‍ബി (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്‍ടെക്കിലുള്ള വസതിയിലായിരുന്നു അന്ത്യം. ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് അടക്കം അനവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. യൂജീന്‍ ഒനീല്‍, ആര്‍തര്‍ മില്ലര്‍, ടെന്നസി വില്യംസ് എന്നിവര്‍ക്കു ശേഷമാണ് ആല്‍ബി നാടക രംഗത്ത് നിലയുറപ്പിച്ചത്.
അവരില്‍ നിന്ന് അമേരിക്കന്‍ നാടകത്തിന്റെ തീപ്പന്തം ഏറ്റുവാങ്ങിയ ആല്‍ബി അതിനെ മറ്റൊരു തലത്തില്‍ എത്തിച്ചു. 59ല്‍ രചിച്ച ദ സൂ സ്റ്റോറിയാണ് ആദ്യ നാടകം. പ്രസിഡന്റ് ഐസന്‍ഹോവറിന്റെ ഭരണകാലത്തെ അസ്തിത്വപ്രശ്‌നങ്ങളായിരുന്നു ഇതില്‍. 62ലാണ് ലോക പ്രശ്‌സ്തമായ ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് പുറത്തിറങ്ങിയത്. തകര്‍ന്നടിഞ്ഞ ദാമ്പത്യത്തിന്റെ ഹാസ്യാത്മകമായ അവതരണം.
ഒന്നര വര്‍ഷം ഇത് അരങ്ങുവാണു. 66ല്‍ ഇത് സിനിമയായി. മൈക്ക് നിക്കോള്‍സായിരുന്നു സംവിധായകന്‍, റിച്ചാര്‍ഡ് ബര്‍ട്ടനും എലിസബത്ത് ടെയ്‌ലറുമാണ് വേഷമണിഞ്ഞത്. ഇത് വന്‍ഹിറ്റായി. ടൈനി ആലീസ്, ദ ഗോട്ട് ഓര്‍ ഹൂ ഈസ് സില്‍വിയ, എ ഡെലിക്കേറ്റ് ബാലസ്, സീസ്‌കേപ്പ്, ത്രീ ടോള്‍ വിമെന്‍ തുടങ്ങിയവ പ്രധാന നാടകങ്ങളില്‍ ചിലത്. മൂന്നു തവണ പുലിറ്റ്‌സര്‍ സമ്മാനം നേടി.
1928 മാര്‍ച്ച് 1ന് വെര്‍ജീനിയയില്‍ ജനിച്ചു. കുട്ടിക്കാലത്ത് പിതാവ് ഉപേക്ഷിച്ചു. മാതാവ് ലൂസി ഹാര്‍വിയുടെ തണലിലാണ് വളര്‍ന്നത്. ഹാര്‍ട്ട്‌ഫോര്‍ഡിലെ ട്രനിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ പോകാന്‍ വിസമ്മതിച്ചതിന് പുറത്താക്കി. അതോടെ പഠനം മുടങ്ങി. സ്വവര്‍ഗസ്‌നേഹിയായിരുന്നു. ശില്‍പ്പിയായിരുന്ന ജൊനാഥന്‍ തോമസായിരുന്നു പങ്കാളി. ഇദ്ദേഹം 2005ല്‍ മരിച്ചു. സൂ സ്റ്റോറി മൃഗശാലക്കഥ എന്ന പേരില്‍ നടന്‍ മുരളി അതരിപ്പിക്കുകയുണ്ടായി.
















