ന്യൂദല്‍ഹി: ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തിയ അതിക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കുമെതിരെ മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിനെതിരെ കോടതിയെ സമീപിക്കാന്‍ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രക്ഷോഭകര്‍ ഒരുങ്ങുന്നു. സപ്തംബര്‍18- 19 തീയതികളില്‍ ചേരുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ബ്രഹംബഗ് ബുര്‍ഗി ജനീവയില്‍ അറിയിച്ചു.
പര്‍വേസ് മുഷറഫ്, അഷ്‌റഫ് കയാനി, പാക് ചാര സംഘടനയായ ഐഎസ്‌ഐ മേധാവികള്‍ എന്നിവര്‍ക്കെതിരെയാണ് കോടതികളെ സമീപിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ കോടതികളിലും കേസ് നല്‍കും. ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയവര്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകും- ബുര്‍ഗി കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രീയ അഭയം ചോദിച്ച് ഭാരത സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും അവസരം ലഭിച്ചാല്‍ ഭാരതത്തിലേക്ക് പോകുന്നതില്‍ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.
















