നെയ്യാറ്റിന്‍കര: പാറശാല ഗ്രാമപഞ്ചായത്തിലെ മേലെക്കോണം വാര്‍ഡില്‍ കഴിഞ്ഞ മാര്‍ച്ച് മാസം സ്ഥാപിതമായ സാന്ത്വനം സേവാസമിതി സര്‍ക്കാരിന്റെ അവഗണനയില്‍പ്പെടുന്നവര്‍ക്ക് തണലായി മാറുന്നു. എഴ് മാസത്തിനുള്ളില്‍ നിരവധിപേരുടെ ജീവനു തുണയായും നൂറോളം സ്‌കൂള്‍ കുട്ടികളുടെ പഠനങ്ങള്‍ക്ക് സഹായകമായും മാറാന്‍ സാന്ത്വനം സേവാസമിതിക്ക് സാധിച്ചു. ചികിത്സാസഹായം, പാവപ്പെട്ട കുട്ടികള്‍ക്കുള്ള പഠനസഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ പത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം ക്ഷേമപെന്‍ഷന്‍ വിതരണവും നടത്തിവരികയാണ്. സാന്ത്വനം ഭവന പദ്ധതിയെന്നപേരില്‍ പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിയാണ് അടുത്ത ലക്ഷ്യമെന്നാണ് സേവാസമിതി സംഘാടകര്‍ പറയുന്നത്. പ്രസിഡന്റ് വിഷക്‌സേനന്‍, ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, ഖജാന്‍ജി രവികുമാര്‍, രക്ഷാധികാരി ശ്രീകണ്ഠന്‍നായര്‍, ഭാരവാഹികളായി പ്രതീഷ്, മണികണ്ഠന്‍, ജയകുമാര്‍ എന്നീ ഏഴുപേരടങ്ങുന്ന സമിതിയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യങ്ങളിലെത്തിക്കുന്നത്. എന്തായാലും സര്‍ക്കാര്‍ അവഗണിച്ചാലും അവര്‍ക്ക് താങ്ങായിമാറുന്ന സാന്ത്വനം സേവാസമിതിയുടെ തണലില്‍ കഴിയുകയാണ് പാറശാലയിലെ മേലെക്കോണം നിവാസികള്‍.
















