ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബകലഹം തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തി. മുലായത്തിന്റെ ഇളയ സഹോദരനും അഖിലേഷിന്റെ അമ്മാവനുമായ ശിവപാല്‍ യാദവിന്റെ രാജിക്കു പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ശിവപാല്‍ മന്ത്രിസഭയില്‍നിന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ചിരുന്നു. ഇതു സ്വീകരിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് മുലായവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷം അറിയിച്ചു.
ഇന്നു രാവിലെ ശിവപാല്‍ യാദവും മുലായവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുലായത്തിനൊപ്പമാണ് താന്‍ എന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ശിവപാല്‍ പറഞ്ഞു. ശിവപാലിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടി ഷര്‍ട്ടുകള്‍ അണിഞ്ഞ നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു പുറത്ത് തമ്പടിച്ചിരുന്നു. ശിവപാല്‍ തന്റെ ചാഛായാണെന്നും കുടുംബത്തില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും അഖിലേഷ് വ്യക്തമാക്കി.
















