പുരാതന കാലം മുതൽ ശ്വാനന്മാർ മനുഷ്യ കുലത്തിന്റെ സന്തത സഹചാരിയാണ്. യജമാനോട് കാണിക്കുന്ന കൂറും ബഹുമാനവുമാണ് ശ്വാനന്മാരെ മറ്റ് ഓമന മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അടുത്തിടെ സ്പെയിനിൽ നിന്നും മായ എന്ന നായയുടെ സ്നേഹം വീട്ടുകാർ മാത്രമല്ല മറിച്ച് ലോകം തന്നെ അറിഞ്ഞു.
ബാഴ്സലോണ സ്വദേശിനിയായ സാന്ദ്ര ഇനിയസ്റ്റയുടെ വളർത്തു നായയാണ് അങ്കിത ഇനു വിഭാഗത്തിൽപ്പെട്ട 2 വയസുള്ള മായ എന്ന പെൺ പട്ടി. കാഴ്ചയിൽ വാത്സല്യം വിളിച്ചോതുന്ന മായയും യജമാനുമായ സാന്ദ്രയും തമ്മിൽ അകമഴിഞ്ഞ സൗഹൃദമാണ്. തന്റെ പിതാവിനൊപ്പം അവധിക്കാലം ചിലവഴിച്ച് ബാഴ്സലോണയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴി സാന്ദ്രക്ക് കലശലായ വയറു വേദന അനുഭവപ്പെട്ടു.
അച്ഛനും നായക്കും പുറമെ മറ്റ് ആരും കാറിൽ ഉണ്ടായിരുന്നില്ല. വയറു വേദന കഠിനമായപ്പോൾ സാന്ദ്രയെ അലികാന്റെ നഗരത്തിലെ എൽഡാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാന്ദ്രക്ക് അപ്പെൻഡിക്സ് ആണെന്നും ഉടൻ തന്നെ ഓപ്പറേഷൻ വേണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.
തന്റെ യജമാന് എന്തോ കാര്യമായിട്ട് സംഭവിക്കാൻ പോകുന്നു എന്ന് മനസിലാക്കിയ മായ ഓപ്പറേഷൻ തീയറ്ററിനു മുൻപിൽ ഇരുപ്പുറപ്പിച്ചു. ഓപ്പറേഷനു ശേഷവും സാന്ദ്ര വിശ്രമിക്കുന്ന മുറിക്ക് മുന്നിൽ ഒരു കാവൽക്കാരനെ പോലെ മായ ഇരുന്നു. സാന്ദ്രയുടെ നിർദ്ദേശപ്രകാരം അച്ഛൻ മായയെ അവിടെ നിന്നും വീട്ടിലെത്തിക്കാൻ പരിശ്രമിച്ചെങ്കിലും തന്റെ പ്രിയ യജമാനോടുള്ള സ്നേഹവും ബഹുമാനവും മറ്റിവയ്‌ക്കാൻ മായ കൂട്ടാക്കിയില്ല.
വിശ്രമ മുറിയുടെ വാതിക്കൽ ആശുപത്രി ജീവനക്കാർക്കും രോഗികൾക്കെല്ലാം കൗതുകമായി മായ ഇരുപ്പുറപ്പിച്ചത് ഒരാഴ്ചയോളമായിരുന്നു. മായയുടെ ഈ യജമാന സ്നേഹം കാഴ്ചക്കാർ തങ്ങളുടെ ഫോണിൽ പകർത്തുകയും ചെയ്തു. ഇതിനു പുറമെ സ്പെയിനിലെ ലോക്കൽ ചാനൽ ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ആറ് ദിവസത്തിനു ശേഷം സാന്ദ്ര ആശുപത്രിക്കിടക്ക വിടുമ്പോഴായിരുന്നു മായയും ആ കാവൽ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയത്. ‘ താൻ പുറത്ത് പോയി തിരിച്ചെത്തുമ്പോൾ തന്നെ മായ കാത്തിരിക്കാറുണ്ടെന്നും അവളുടെ സ്നേഹം വിലമതിക്കാത്തതാണെന്നും സാന്ദ്ര ട്വിറ്ററിൽ കുറിച്ചിട്ടു.
















