ആഗ്ര: പതിനാലു വയസ്സുള്ള നാസിയയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധീരതയ്‌ക്കുള്ള റാണി ലക്ഷ്മീഭായ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൈയില്‍ നിന്ന് അതിസാഹസികമായി നാസിയ ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
ഇപ്പോള്‍ നാസിയ യാചിക്കുകയാണ്, സ്വന്തം ജീവന്‍ രക്ഷിക്കാന്‍. മണ്ടോളയില്‍ നാസിയയുടെ വീടിനടുത്തുള്ള ചൂതാട്ടക്കാര്‍ക്കെതിരെ പരാതി നല്‍കിയതോടെ നാസിയ അവരുടെ നോട്ടപ്പുള്ളിയായി. ജീവനു ഭീഷണിയുയര്‍ന്നതോടെ സുരക്ഷയാവശ്യപ്പെട്ട് മുഖ്യമന്ത്രി അഖിലേഷ് യാദവിന് തുടര്‍ച്ചയായി സന്ദേശമയക്കുകയാണ് ഈ പെണ്‍കുട്ടി. കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടും പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
‘അവാര്‍ഡ് കിട്ടിയപ്പോള്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ മുഖ്യമന്ത്രി എന്നെ പ്രോത്‌സാഹിപ്പിച്ചു. ചൂതാട്ടക്കാര്‍ക്കെതിരെ പരാതിയുമായി ഇറങ്ങിയത് അതുകൊണ്ടാണ്. പക്ഷേ അതിപ്പോള്‍ എന്റെ ജീവിതം ദുരിതത്തിലാക്കുന്നു. ഞാനാണ് കുറ്റക്കാരി എന്ന മട്ടില്‍ സ്റ്റേഷനില്‍ വിളിപ്പിച്ച് പോലീസ് ചോദ്യം ചെയ്യുന്നു. നടപടിയൊന്നും സ്വീകരിക്കാതായതോടെ ചൂതാട്ടക്കാര്‍ എന്റെ വീട്ടിനു മുന്നിലെത്തി വെല്ലുവിളിക്കുകയാണ്.’ നാസിയ പറയുന്നു. നാസിയയുടെ സങ്കടം വാര്‍ത്തയായതോടെ ചൂതാട്ടക്കാര്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് പോലീസ് കമ്മീഷണര്‍ സുശീല്‍ ധൂലെ.
















