കൊല്‍ക്കത്ത: അറിവു ചുരത്തിയ ഗുരുക്കന്മാരെ പ്രണമിച്ചും അപദാനങ്ങള്‍ വാഴ്‌ത്തിയും ഒരു അധ്യാപക ദിനം കൂടി കടന്നുപോയി. അധ്യാപനം മഹത്തായ സേവനമെന്ന് പറയുന്നതില്‍ തെറ്റില്ല. എങ്കിലും ആ സേവനത്തിന് നിസ്വാര്‍ത്ഥതയുടെ മാനം കൈവരുന്നത് അപൂര്‍വ്വം.
അങ്ങനെയൊരു അധ്യാപകനാണ് ദിവ്യാംഗനായ പ്രബീര്‍ പാല്‍. ഗോഹട്ട് മിര്‍ഗ ഗ്രാമത്തിലെ ഛാത്ര പ്രാഥമിക വിദ്യാലയത്തില്‍ പതിനെട്ടു വര്‍ഷമായി പ്രബീര്‍ പഠിപ്പിക്കുന്നു. സ്‌കൂളിലെ ഔദ്യോഗിക രേഖകളിലൊന്നും അദ്ദേഹത്തിന്റെ പേര് കാണില്ല. പ്രതിഫലം വാങ്ങാറില്ല. നിസ്വാര്‍ത്ഥ സേവനം.
കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകന്‍. നിവര്‍ന്നു നില്‍ക്കാനാവില്ല പ്രബീറിന്. ഇഴഞ്ഞു നീങ്ങിയാണ് സ്‌കൂളിലേക്കുള്ള യാത്ര. അതും രണ്ടു കിലോമീറ്റര്‍ ദൂരം.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ അധ്യാപകന്‍. സ്‌കൂളിലെ അടുക്കളയുടെ മേല്‍നോട്ടം,പച്ചക്കറിത്തോട്ടം നട്ടുനനയ്‌ക്കല്‍, പ്രയാസപ്പെട്ടാണെങ്കിലും സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കല്‍ ഇതെല്ലാം മുറതെറ്റാതെ പ്രബീര്‍ ചെയ്തുപോരുന്നു.
















